കടൽക്കൊള്ളക്കാരിൽ നിന്ന് മോചിതരായ കപ്പൽ ജീവനക്കാർ ഇന്ത്യയിലെത്തി
text_fieldsപാലക്കുന്ന്: കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ ഇന്ത്യൻ കപ്പൽ ജീവനക്കാർ മുംബൈയിലെത്തി. ഇന്ത്യക്കാരടക്കമുള്ള 10പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ തുറമുഖമായ ലോമെയിൽനിന്ന് കാമറൺ രാജ്യത്തിലെ ദുവാല തുറമുഖം ലക്ഷ്യമിട്ട് യാത്ര പുറപ്പെട്ട കപ്പലിൽ കയറിയ കടൽക്കൊള്ളക്കാർ 10പേരെ അജ്ഞാത കേന്ദ്രത്തിൽ തടവിലാക്കിയത് മാർച്ച് 17നായിരുന്നു. ബന്ദികളാക്കപ്പെട്ട മലയാളിയടക്കമുള്ള ജീവനക്കാരെക്കുറിച്ച് ഒരു മാസത്തോളം ഒരുവിവരവും പുറത്തുവന്നില്ല. വാർത്ത പുറംലോകമറിയാനും ഏറെ വൈകി. കഴിഞ്ഞ ദിവസമാണ് സുരക്ഷിതരായി ഇവർ മോചിതരായെന്ന വിവരം ആശ്വാസമായെത്തിയത്.
മോചിതരായ 10 പേരും ബന്ധപ്പെട്ടവരുടെ നിർദേശമനുസരിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി ഷിപ്പിങ്) മുമ്പാകെ ഹാജരായി. ബന്ദികളാക്കപ്പെട്ട 10 പേരിൽ ഏഴുപേരും ഇന്ത്യക്കാരാണ്. മൂന്നുപേർ റുമേനിയക്കാരും. കാസർകോട് ജില്ലയിൽനിന്നുള്ള പനയാൽ അമ്പങ്ങാട് കോട്ടപ്പാറ സ്വദേശി രാജീന്ദ്രനാണ് ഏകമലയാളി. മിനിക്കോയിക്കാരനായ ആസിഫ് അലി, തമിഴ്നാട്ടുകാരായ പ്രദീപ് മുരുകൻ, സതീഷ് കുമാർ എന്നിവർക്ക് പുറമെ സന്ദീപ് കുമാർ സിങ് (ബിഹാർ), സമീൻ ജാവേദ്, സോൾക്കാർ റിഹാൻ (മഹാരാഷ്ട്ര) എന്നിവരാണ് തടവിലായ മറ്റ് ഇന്ത്യക്കാർ. മുംബൈയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനകം ഇവർ വീടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.