വീടണഞ്ഞു, വിജയിയായി
text_fieldsനിലയത്തിൽ നിന്ന് ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ശുഭാൻഷു ശുക്ലയും
ടിബോർ കാപുവും
ന്യൂഡൽഹി: ആകാശവും വിമാനങ്ങളും ഭ്രമിപ്പിച്ച ഒരു ബാലനിൽനിന്നാണ് ശുഭാൻഷു ശുക്ലയുടെ വളർച്ച. ആക്സിയം -4 ദൗത്യത്തിെന്റ ഭാഗമായി ബഹിരാകാശ നിലയത്തിൽ 18 ദിവസം താമസിച്ച് തിരിച്ചെത്തിയ അദ്ദേഹം സഫലീകരിച്ചത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങളാണ്.
ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികളോടെയാണ് ലഖ്നോ സ്വദേശിയായ ശുഭാൻഷുവിെന്റ മടങ്ങിവരവ്.
ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ് ക്യാപ്റ്റനായ ശുഭാൻഷുവിന് 10 വർഷത്തെ കരിയറിനിടയിൽ 2000 മണിക്കൂർ യുദ്ധവിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. വിദ്യാർഥിയായിരിക്കെ ഒരു വ്യോമപ്രദർശനം കണ്ടതോടെയാണ് ശുഭാൻഷുവിന് വിമാനങ്ങളോടും ആകാശയാത്രയോടും കമ്പം കയറിയതെന്ന് മൂത്തസഹോദരി സുചി ശുക്ല പറഞ്ഞു. വിമാനങ്ങളുടെ വേഗവും ശബ്ദവും അദ്ദേഹത്തെ ഭ്രമിപ്പിച്ചു. പറക്കാനുള്ള ആഗ്രഹം അദ്ദേഹം വീട്ടുകാരുമായി പങ്കുവെച്ചു. ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു പിന്നീട്.
2027ൽ വിക്ഷേപണം നടത്താനിരിക്കുന്ന ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് 2019ൽ ആണ് ശുഭാൻഷു ശുക്ല തെരഞ്ഞെടുക്കപ്പെട്ടത്. സഹപൈലറ്റുമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്കാട് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരും ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്ററിലും ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ആസ്ട്രോണറ്റ് ട്രെയിനിങ് ഫെസിലിറ്റിയിലുമാണ് ഇവർ പരിശീലനം നേടിയത്.
1985 ഒക്ടോബർ 10ന് ലഖ്നോവിലാണ് ശുഭാൻഷുവിെന്റ ജനനം. സിറ്റി മോണ്ടിസോറി സ്കൂളിലെ (സി.എം.എസ്) വിദ്യാഭ്യാസത്തിനുശേഷം നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 2006ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന ശുഭാൻഷു സുഖോയ്-30 എം.കെ.ഐ, മിഗ് -29, ജഗ്വാർ, ഡ്രോണിയർ -228 വിമാനങ്ങൾ പറത്തി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ എം.ടെക്കും നേടി.
ബഹിരാകാശ നിലയത്തിലെ വാസത്തിനിടെ ഇന്ത്യക്കുവേണ്ടി ഏഴ് പരീക്ഷണങ്ങളാണ് ശുഭാൻഷു നടത്തിയത്. ലൈഫ് സയൻസ്, കൃഷി, ബഹിരാകാശ ജൈവ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു പരീക്ഷണം.
ശാസ്ത്രജ്ഞരായ രവികുമാർ ഹൊസമാനി (കാർഷിക ശാസ്ത്ര സർവകലാശാല, ധാർവാഡ്), സുധീർ സിദ്ധാപുരെഡ്ഡി (ഐ.ഐ.ടി ധാർവാഡ്) എന്നിവരുടെ നേതൃത്വത്തിൽ നടന്ന സസ്യം മുളപ്പിക്കൽ പരീക്ഷണത്തിൽ പങ്കുചേർന്നതാണ് ഇതിലൊന്ന്. ശുക്ല പരീക്ഷണ ഡിഷുകളിൽ ചെറുപയറും ഉലുവ വിത്തുകളും നട്ടുപിടിപ്പിച്ചു. തിരികെ ഭൂമിയിലെത്തി കുടുതൽ വിശകലനത്തിനായി ഇവ പിന്നീട് ശീതീകരിച്ച ഡിഷിലേക്ക് മാറ്റി.
ദീർഘകാല ബഹിരാകാശ കൃഷി ലക്ഷ്യമിട്ട് സസ്യവളർച്ച, സൂക്ഷ്മജീവി ഇടപെടലുകൾ, ജനിതക ആവിഷ്കാരം എന്നിവയെ സൂക്ഷ്മ ഗുരുത്വാകർഷണം എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം.
മിഷൻ 18 ഡേയ്സ്
ജൂൺ 26
ഒന്നാം ദിവസം
28 മണിക്കൂർ ആകാശ യാത്രക്കുശേഷം ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ ഡ്രാഗൺ പേടകം ഐ.എസ്.എസിന്റെ ഹാർമണി ജങ്ഷനിൽ വിജയകരമായി ഡോക് ചെയ്തു. ‘വെൽക്കം സെറിമണി’ക്കുശേഷം സ്ലീപിങ് ക്വാർട്ടേഴ്സ് തയാറാക്കുന്നതിനുള്ള ദൗത്യത്തിലായി. സ്പേസ് വാക്കിനും മറ്റും ശേഷം യാത്രികർ വിശ്രമിക്കുന്ന ക്വസ്റ്റ് എയർലോക്കിലായിരുന്നു കമാൻഡർ പെഗി വിറ്റ്സണ് ‘മുറിയൊരുക്കി’യത്. സുവേ കൊളംബസ് ലാബിലേക്കും തിബോർ ജപ്പാന്റെ ജെ.ഇ.എം മൊഡ്യൂളിലും അന്തിയുറങ്ങാൻ പോയി. ശുഭാൻഷു ഡ്രാഗണിൽതന്നെ ആദ്യ ദിവസം ചെലവഴിച്ചു.
ജൂൺ 27
രണ്ടാം ദിവസം
ഗുരുത്വരഹിത മേഖലയിൽ ജീവിക്കാനുള്ള തയാറെടുപ്പുകൾ. ആദ്യപടിയായി, അവിടെ നേരത്തേതന്നെ എത്തിച്ചേർന്ന യാത്രികരുമായുള്ള കൂടിക്കാഴ്ച. അവർക്കൊപ്പം, ദൈനം ദിന പരിശീലന പ്രോഗ്രാം. ഭൂമിയിൽനിന്ന് കൊണ്ടുവന്ന പരീക്ഷണ വസ്തുക്കൾ, ഡ്രാഗണിൽനിന്ന് വിവിധ ലാബുകളിലേക്ക് മാറ്റി.
ജൂൺ 28
മൂന്നാം ദിവസം
പെഗ്ഗി കാൻസർ ഗവേഷണത്തിൽ മുഴുകി. അർബുദ കോശങ്ങൾ ഗുരുത്വരഹിത മേഖലയിൽ എങ്ങനെ പ്രവർത്തിക്കുമെന്നതാണ് ഈ അന്വേഷണത്തിന്റെ കാതൽ. ശുഭാൻഷു ലൈഫ് സയൻസസ് ഗ്ലൗബോക്സസിലായിരുന്നു. അവിടെ മയോജെനിസിസ് പരീക്ഷണങ്ങളിൽ അദ്ദേഹം മുഴുകി. ഗഗനചാരികളുടെ അസ്ഥി-പേശി ബലക്ഷയത്തിന്റെ കാരണങ്ങൾ തേടുകയാണ് ഈ പരീക്ഷണത്തിലൂടെ. ജോലി കഴിഞ്ഞ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണം.
ജൂൺ 29
നാലാം നാൾ
കമൻഡർ പെഗ്ഗി പതിവുപരീക്ഷണങ്ങൾക്കുപുറമെ, കാമറ കൈയിലെടുത്ത ദിവസം. ശുഭാൻഷു മൈക്രോ ആൽഗെ പരീക്ഷണങ്ങളിലായിരുന്നു. ഭൂമിയിൽനിന്ന് കൊണ്ടുവന്ന ആൽഗെ സാമ്പിളുകൾ ലാബിൽ സുരക്ഷിതമായി കൊണ്ടുവെച്ചു. ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങളിൽ അതിനിർണായകമാണ് ഈ പരീക്ഷണങ്ങൾ. ജോലിക്കുശേഷം, മറ്റു യാത്രികർ അതതു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി സംഭാഷണത്തിലേർപ്പെട്ടു.
ജൂൺ 30
അഞ്ചാം നാൾ
ശുഭാൻഷു മയോജെനിസിസ് പരീക്ഷണത്തിൽ. ഗുരുത്വ മേഖലയിൽ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതെങ്ങനെ എന്ന അന്വേഷണം. ഗഗനചാരികൾ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടാണ് ഈ ബലക്ഷയം. അതിനെ അതിജീവിക്കാനുള്ള തെറപ്പി വികസിപ്പിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.
ജൂലൈ ഒന്ന്
ആറാം നാൾ
ഐ.എസ്.ആർ.ഒയുടെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം നടന്നത് ഈ ദിവസമാണ് -സയനോ ബാക്ടീരിയ പരീക്ഷണം. ഗുരുത്വരഹിത മേഖലയിൽ സയനോ ബാക്ടീരിയ വളരുന്നതെങ്ങനെ എന്ന അന്വേഷണം. നിലയത്തിൽ മികവുറ്റ ജീവൻ രക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണ്.
ജൂലൈ രണ്ട്
ഏഴാം നാൾ
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ പരീക്ഷണങ്ങളുടെ തുടർച്ച. സുവെ പോളിഷ് പാർലമെന്റ് അംഗങ്ങളുമായി നടത്തിയ സംവാദമായിരുന്നു മറ്റൊരു ശ്രദ്ധേയ സംഭവം.
ജൂലൈ മൂന്ന്
എട്ടാം നാൾ
ഏഴ് നാൾ പണിയെടുത്ത് ക്ഷീണിച്ച് യാത്രികർക്ക് വിശ്രമിക്കാനുള്ള ദിവസം. എട്ട് ദിവസമായപ്പോഴേക്കും ശുഭാൻഷുവും സംഘവും ഭൂമിയെ വലംവെച്ചത് 113 തവണ. ഈ ദിവസം നാലു യാത്രികരും കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു.
ജൂലൈ നാല്
ഒമ്പതാം നാൾ
മൈക്രോ ആൽഗെ, മയോ ജെനിസിസ് പരീക്ഷണത്തിന്റെ പുതിയ ഘട്ടങ്ങളിലേക്ക് ശുഭാൻഷു പ്രവേശിച്ചു.
ജൂലൈ അഞ്ച്
10ാം നാൾ
മൈക്രോ ആൽഗെ, മയോജെനിസിസ് പരീക്ഷണങ്ങൾക്കുശേഷം ശുഭാൻഷു വിത്തു പരീക്ഷണവും നടത്തി. ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ധാന്യ വിത്തുകൾ മുളപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്.
ജൂലൈ ആറ്
11ാം നാൾ
പതിവു പരീക്ഷണങ്ങൾക്ക് പുറമെ, ശുഭാൻഷുവിന്റെ വിദ്യാഭ്യാസ പരിപാടി. ഗുരുത്വരഹിത മേഖലയിൽ ശരീരത്തിന്റെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണമായിരുന്നു അത്. ഈ ദിവസം, പെഗ്ഗി ദ.കൊറിയയിലെ വിദ്യാർഥികളുമായി സംവദിച്ചു.
ജൂലൈ ഏഴ്
12ാം നാൾ
ശുഭാൻഷു സയനോ ബാക്ടീരിയ പരീക്ഷണത്തിൽ. അതിനുശേഷം, വോയേജർ ഡിസ്പ്ലേ പരീക്ഷണം. ബഹിരാകാശ യാത്ര എങ്ങനെയാണ് കൺ ചലനങ്ങളെ ബാധിക്കുന്നതെന്ന അന്വേഷണമാണിത്.
ജൂലൈ എട്ട്
13ാംനാൾ
വിത്തു പരീക്ഷണം തുടരുന്നു. ആറുതരം വിത്തുകളാണ് പരീക്ഷണത്തിനായി അദ്ദേഹം ഭൂമിയിൽനിന്ന് കൊണ്ടുപോയത്. മുളച്ചുപൊന്തിയ വിത്തുകളുടെ ചിത്രം അദ്ദേഹം പകർത്തി. അന്തരീക്ഷത്തിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും വിത്തിന്റെ വികാസത്തിനുണ്ടാകുന്ന മാറ്റമാണ് ഈ പരീക്ഷണത്തിലൂടെ അന്വേഷിക്കുന്നത്.
ജൂലൈ ഒമ്പത്
14ാം നാൾ
അവധി ദിനം. ഈ ദിവസം പിന്നിട്ടപ്പോൾ യാത്രികർ ഭൂമിയെ 230 തവണ വലംവെച്ചിട്ടുണ്ടായിരുന്നു. നിലയത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രങ്ങളും സെൽഫികളും പകർത്തി.
ജൂലൈ 10
15ാം നാൾ
പതിവു പരീക്ഷണങ്ങൾ തുടരുന്നു. കുടുതൽ സമയവും ചെലവഴിച്ചത് വോയേജർ ഡിസ്പ്ലേ പരീക്ഷണത്തിനായി.
ജൂലൈ 11
16ാം നാൾ
പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ. ഈ ദിവസം, നാലു യാത്രികരും സി.എൻ.എന്നിന് ഒരു അഭിമുഖം നൽകി.
ജൂലൈ 12
17ാം നാൾ
മടക്കയാത്രക്കുള്ള തയാറെടുപ്പുകൾ നടത്തുന്നു. തൊട്ടടുത്ത ദിവസം രാവിലെ യാത്രയയപ്പ് യോഗം നടക്കുന്നുണ്ട്.
ജൂലൈ 13
18ാം നാൾ
മടക്കയാത്രക്കുള്ള അന്തിമഘട്ട തയാറെടുപ്പുകൾ. ഇതിനിടയിൽ നിലയത്തിലെ മറ്റ് ഏഴു യാത്രികർ നൽകിയ ഉജ്ജ്വല യാത്രയയപ്പ്. ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ, അൺഡോക്കിങ് പ്രക്രിയ ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.