വിജയം എന്‍റെ ഭാര്യക്ക് അവകാശപ്പെട്ടത്: സിദ്ദു
text_fieldsന്യൂഡൽഹി: തന്‍റെ വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റുും ഭാര്യ നവജ്യോത് കൗറിനാണെന്ന് മുൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ നവജ്യോത് സിദ്ദു. ഇതോടൊപ്പം വിജയം കോൺഗ്രസിനും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും പ്രിയങ്ക ഗാന്ധിക്കും സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ താൻ എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പ് നൽകുന്നുവെന്നും സിദ്ദു വ്യക്തമാക്കി.
അരവിന്ദ് കെജരിവാളിന്‍റെ ഉദ്ദേശ്യം ആത്മാർഥതയുള്ളതായിരുന്നില്ല. അതിനാലാണ് ആംആദ്മിക്ക് ജയിക്കാൻ സാധിക്കാതിരുന്നത്. അദ്ദേഹത്തിന്‍റെ ലക്ഷ്യം അധികാരം മാത്രമായിരുന്നുവെന്നും സിദ്ദു പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളായി അകാലി ദൾ-ബി.ജെ.പി സഖ്യമാണ് പഞ്ചാബ് ഭരിച്ചിരുന്നത്. ആം ആദ്മി പാർട്ടിക്കും പിന്നിലായി മൂന്നാമതാണ് ഇത്തവണ ബി.ജെ.പി സഖ്യത്തിന്‍റെ സ്ഥാനം.
ബി.ജെ.പിയിൽ നിന്ന് രാജിവെച്ച സിദ്ദു ആംആദ്മിയിൽ ചേക്കേറുമെന്നായിരുന്നു പ്രതീക്ഷ. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ സിദ്ദു കോൺഗ്രസിൽ ചേരുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ അമൃത്സർ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സിദ്ദു ബി.ജെ.പിയിൽ നിന്ന് പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.