എസ്.ഐ.ആർ: യോഗ്യത തീയതി 2026 ജനുവരി ഒന്ന്; ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ 12 രേഖകളിലൊന്ന് ഹാജരാക്കണം
text_fieldsന്യൂഡൽഹി: കേരളം അടക്കം രാജ്യവ്യാപകമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനക്കുള്ള (എസ്.ഐ.ആർ) യോഗ്യത തീയതിയായി 2026 ജനുവരി ഒന്ന് നിശ്ചയിച്ചു. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കായിരിക്കും എസ്.ഐ.ആറിലൂടെ തയാറാക്കുന്ന വോട്ടർപട്ടികയിൽ വോട്ടർമാരാകാൻ കഴിയുകയെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ കമീഷൻ ആവശ്യപ്പെടുന്ന 12 രേഖകളിലൊന്ന് ഹാജരാക്കുകകൂടി ചെയ്യണമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യമൊട്ടുക്കും വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയുടെ എതിർസത്യവാങ്മൂലത്തിലാണ് കമീഷൻ എസ്.ഐ.ആറിനുള്ള യോഗ്യതാ തീയതി പരസ്യപ്പെടുത്തിയത്. സാധാരണഗതിയിൽ ഒരുവർഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാല് അവസരങ്ങളാണ് കമീഷൻ നൽകാറുള്ളത്. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസ്സ് പൂർത്തിയാകുന്ന ഓരോ ഇന്ത്യൻ പൗരനും ഇങ്ങനെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം.
ഇതിൽ ജനുവരി ഒന്ന് എസ്.ഐ.ആറിനുള്ള യോഗ്യതാ തീയതിയായി നിശ്ചയിച്ചതോടെ വോട്ടർപട്ടിക തീവ്ര പരിശോധനയുടെ ഭാഗമായുള്ള വോട്ടർ പട്ടിക പുതുക്കലിൽ 2006 ജനുവരി 1ന് 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും അപേക്ഷാഫോറം പൂരിപ്പിച്ച് നൽകാനാകും. അതിനൊപ്പം ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കുന്നതിന് കമീഷൻ നിർദേശിക്കുന്ന ആധാർ അടക്കമുള്ള 12 രേഖകളിൽ ഒന്ന് ഹാജരാക്കുകയും വേണ്ടിവരും.
രാജ്യമാകെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തുന്നതിലൂടെ 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാനാണ് കമീഷൻ നോക്കുന്നത്. ബിഹാർ എസ്.ഐ.ആർ ഉത്തരവിന്റെ ചുവടുപിടിച്ചാണ് രാജ്യവ്യാപക എസ്.ഐ.ആർ എന്നും ഇതിന്റെ സമയക്രമം പിന്നീട് അറിയിക്കുമെന്നും കമീഷൻ തുടർന്നു.
വോട്ടർപട്ടിക പുതുക്കലും തീവ്ര പരിശോധനയും കമീഷന്റെ വിവേചനാധികാരത്തിന് വിടുകയാണ് വേണ്ടത്. എസ്.ഐ.ആറിലെ ഏതൊരു നിർദേശവും തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനാൽ എസ്.ഐ.ആറിന്റെ കാര്യത്തിൽ നിർദേശം ആവശ്യപ്പെട്ടുള്ള ഹരജിയും തള്ളണമെന്ന് കമീഷൻ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.