‘എസ്.ഐ.ആർ യഥാർഥ വോട്ടർമാരെ നീക്കം ചെയ്യുന്നതിന് കാരണമാകരുത്’ -ജമാഅത്തെ ഇസ്‍ലാമി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം (എസ്.ഐ.ആർ) യഥാർഥ വോട്ടർമാരെ നീക്കം ചെയ്യുന്നതിന് കാരണമാകരുതെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. ബിഹാറിൽ ഒരുകോടിയോളം വോട്ടർമാരെയാണ് നീക്കം ചെയ്തത്. ഇത്തരം വലിയതോതിലുള്ള ഒഴിവാക്കലുകൾ നിയമാനുസൃത പൗരന്മാർക്ക് അവരുടെ ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടുത്തും. എസ്.ഐ.ആറിന്റെ സമയപരിധി നീട്ടാൻ കമീഷൻ തയാറാകണം. കൂടുതൽ ബി.എൽ.ഒമാരെ നിയമിക്കുകയും അവർക്ക് കൂടുതൽ സൗകര്യം ഒരുക്കിനൽകുകയും വേണമെന്നും സംഘടന ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ചെങ്കോട്ട ആക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും മൗലികവാദം, തീവ്രവാദം, അക്രമാസക്തമായ പ്രത്യയശാസ്ത്രങ്ങൾ തുടങ്ങിയ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും നിരപരാധികൾക്കെതിരായ ചാവേർ ആക്രമണങ്ങളെ ലോകത്ത് ഒരു മതവും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കുന്നതിൽ എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഘടന ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ നയിക്കുന്ന സ്റ്റീരിയോടൈപ്പിങ്ങും മുഴുവൻ സമുദായത്തെ അപകീർത്തിപ്പെടുത്തലും വിഭജനം ആഴത്തിലാക്കുകയും തീവ്രവാദികളുടെ തന്ത്രങ്ങൾക്ക് സഹായകമാവുകയും ചെയ്യും. ഇത്തരം നടപടികൾ നിരപരാധികളായ പൗരന്മാർക്കെതിരായ സംശയമോ ഉപദ്രവമോ ലക്ഷ്യമിട്ടുള്ള ശത്രുതയോ ആയി മാറുന്നില്ലെന്ന് ഉറപ്പാക്കാർ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

