ധർമസ്ഥലയിൽ എസ്.ഐ.ടി അന്വേഷണം തുടരും -ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര
മംഗളൂരു: ധർമസ്ഥല കേസിൽ അറസ്റ്റിലായ പരാതിക്കാരന്റെ പുതിയ മൊഴികൾ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) ദൗത്യം തുടരുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ശനിയാഴ്ച ഉഡുപ്പിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്.ഐ.ടി അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നിഗമനത്തിലെത്താൻ കഴിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഒരു വിവരവും പങ്കുവെക്കാൻ കഴിയില്ല. അന്വേഷണം തുടരുകയാണ്. എസ്.ഐ.ടി വിശദാംശങ്ങൾ പങ്കിടും.
സംശയത്തിന്റെ പേരിലാണോ വകുപ്പ് പ്രകാരമാണോ അറസ്റ്റ് ചെയ്തത് തുടങ്ങിയ വിവരങ്ങളെല്ലാം എസ്.ഐ.ടിയുടെ പക്കലുണ്ട്. പരാതിക്കാരന്റെ വെളിപ്പെടുത്തൽ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം അറസ്റ്റിലായതിനാൽ അദ്ദേഹത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരും. 1995നും 2014നും ഇടയിൽ ധർമസ്ഥലയിൽ ജോലി ചെയ്തിരുന്നതായു സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായതായുമാണ് മുൻ ശുചിത്വ തൊഴിലാളി എന്നവകാശപ്പെടുന്ന ചിന്നയ്യ പരാതിയിൽ പറയുന്നത്.
ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും മജിസ്ട്രേറ്റിന് മുന്നിൽ ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അന്വേഷണത്തിന്റെ ഭാഗമായി നേത്രാവതി നദീതീരത്തെ വനപ്രദേശങ്ങളിൽ പരാതിക്കാരൻ തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ എസ്.ഐ.ടി ഖനനം നടത്തിയിട്ടുണ്ട്. അവിടെ ഇതുവരെ രണ്ട് സ്ഥലങ്ങളിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്താനായി.പരാതിക്കാരനുപിന്നിൽ ഒരു ശൃംഖലയുണ്ടോ എന്ന ചോദ്യത്തിന്, ‘‘ഏതെങ്കിലും ശൃംഖല ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ, അത് അറിവാകു’’മെന്ന് മന്ത്രി പറഞ്ഞു.മാസം മുമ്പ് ദക്ഷിണ കന്നഡ പൊലീസ് നിർദേശിച്ച പരാതിക്കാരന്റെ നാർക്കോ അനാലിസിസ് എന്തുകൊണ്ടാണ് വൈകിയതെന്ന ചോദ്യത്തിന് ‘‘കേസ് എസ്.ഐ.ടിക്ക് കൈമാറിയാൽ, അന്വേഷണം എങ്ങനെ നടക്കണമെന്ന് സർക്കാർ നിർദേശങ്ങൾ നൽകില്ല. സത്യം പുറത്തുകൊണ്ടുവരാൻ എസ്.ഐ.ടി ഉപയോഗിക്കുന്ന രീതികൾ അതിന്റെ മേധാവിക്ക് വിട്ടിരിക്കുന്നു. ഞങ്ങൾ നിർദേശിക്കില്ല’’ എന്ന് മന്ത്രി പ്രതികരിച്ചു. സുജാത ഭട്ടിനെതിരെയും നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, അവരുടെ പരാതിയും അന്വേഷണത്തിലാണെന്ന് പരമേശ്വര പറഞ്ഞു.
‘അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ, എസ്.ഐ.ടി അന്വേഷണത്തെ ബാധിച്ചേക്കാവുന്നതിനാൽ ഒന്നും വെളിപ്പെടുത്താൻ കഴിയില്ല. അന്വേഷണം അവസാനിക്കുന്നതുവരെ ഞങ്ങൾ ഒന്നും വെളിപ്പെടുത്തില്ല.2003ൽ ധർമസ്ഥലയിലേക്കുള്ള യാത്രക്കുശേഷം തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായതായി സുജാത ഭട്ട് നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനുശേഷം അവർ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി. തനിക്ക് ഒരിക്കലും മകളുണ്ടായിരുന്നില്ലെന്നും മറ്റുള്ളവരുടെ പ്രേരണയാൽ തെറ്റായ പരാതി നൽകിയതാണെന്നും പറഞ്ഞു. പിന്നീട് അവർ ആ പ്രസ്താവനയും പിൻവലിച്ചുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.