'മുസ്ലിംകൾ ആയതുകൊണ്ടാണ് ഞങ്ങളെ ലക്ഷ്യം വെക്കുന്നത്, ഞങ്ങൾ ജനിച്ചുവളർന്നത് ഇവിടെയാണ്'; അസമിലെ അവസ്ഥ ഭീകരമെന്ന് ദൗത്യസംഘം
text_fieldsമുസ്ലിംലീഗ് ദേശീയ ഭാരവാഹികളായ സി.കെ. സുബൈറും അഡ്വ. ഫൈസൽ ബാബുവും ഗോൾപാറയിലെ ഹസലാബില്ലിൽ കുടിയിറക്കിയവരുമായി സംസാരിക്കുന്നു
ഗുവാഹതി: അസമിൽ കുടിയിറക്കപ്പെട്ടവരുടെ അവസ്ഥ അതിഭീകരമാണെന്ന് മുസ്ലിം ലീഗ് അസം പ്രതിനിധി ദൗത്യസംഘത്തിലെ അംഗങ്ങൾ വെളിപ്പെടുത്തി.
കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പഠിക്കാനാണ് അസം പ്രതിനിധി ദൗത്യസംഘം ഗോൽപ്പറ ജില്ലയിലെ ഹസലാബിൽ ഉൾപ്പെടെ സന്ദർശിച്ചത്. വിവിധയിടങ്ങളിൽ പൊലീസ് തടഞ്ഞതായി സംഘത്തിലെ സി.കെ. സുബൈറും അഡ്വ. ഫൈസൽ ബാബുവും പറഞ്ഞു. എങ്കിലും ഗുവാഹതിയിൽനിന്ന് ആറുമണിക്കൂർ യാത്ര ചെയ്ത് സംഘം ക്യാമ്പുകളിലെത്തി. ഗോൽപറ തടങ്കൽ പാളയം സന്ദർശിച്ച് അധികൃതരോട് സംസാരിച്ചു.
നൂറ് കൊല്ലമായി അസമിൽ കഴിയുന്നവരെയാണ് വീട് തകർത്ത് പുറത്താക്കിയത്. 4500 കുടുംബങ്ങളാണ് കുടിയൊഴിക്കലിന് ഇരയായത്. പ്രതിനിധി സംഘത്തെ കണ്ടതോടെ കുടിയിറക്കപ്പെട്ടവർ കൂട്ടത്തോടെ വന്ന് ആവലാതികൾ പറഞ്ഞു. വിലപിച്ചു. ഇല്ലായ്മകളുടെ കെട്ടഴിച്ചു. ദുര്യോഗങ്ങൾ വന്ന വഴി പറഞ്ഞു.
"ഈ ഗ്രാമത്തിലെ മുന്നൂറോളം വീടുകളിലെ ആളുകളെ ഇറക്കിവിട്ടു. വീടുകൾ തകർത്ത് തരിപ്പണമാക്കി. പൊളിക്കുന്നതിന് വെറും രണ്ടുദിവസം മുമ്പാണ് നോട്ടീസ് പതിച്ചത്. മുസ്ലിംകൾ ആയതുകൊണ്ട് ബി.ജെ.പി സർക്കാർ ഞങ്ങളെ ലക്ഷ്യം വെക്കുന്നു. ഞങ്ങൾ ജനിച്ചുവളർന്നത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിന് മുന്നേ പൂർവികർ ഇവിടെ താമസിക്കുന്നുണ്ട്. 50 വർഷം മുമ്പേ അടച്ചുതുടങ്ങിയ നികുതി ശീട്ട് കൈവശമുണ്ട്. വോട്ടർ പട്ടികയിലും എൻ.ആർ.സി പട്ടികയിലും പേരുണ്ട്. ഈ രേഖകളെല്ലാം ഉണ്ടായിട്ടും ഞങ്ങളോട് കടന്നുപോകാൻ പറയുന്നു’’- ക്യാമ്പിലെ സുലൈമാൻ അലി വിങ്ങിപ്പൊട്ടി വിശദീകരിച്ചു.
"ഈ പെരുംചൂടിൽ ഈ ടാർപ്പായക്കടിയിൽ നിൽക്കാനോ കിടക്കാനോ കഴിയില്ല. കുട്ടികൾ നിലവിളിക്കുന്നു. പലരും രോഗികളാണ്. സർക്കാർ ഭൂമിയാണെന്ന് പറഞ്ഞാണ് ഞങ്ങളെ പുറത്താക്കിയത്. ഞങ്ങൾക്ക് ജീവിക്കാൻ പകരം ഒരിടം തന്നുകൂടേ’’ -കൈക്കുഞ്ഞിനെയും താങ്ങിപ്പിടിച്ച് ഹാജിത ദുരിതജീവിതം വരച്ചിട്ടു.
ഭക്ഷണം ലഭിക്കുന്നില്ലെന്നതായിരുന്നു അടുത്ത പരിഭവം. ഉടൻ അടുത്തുള്ള കവലയിൽ പോയി 1500 പേർക്കുള്ള ഭക്ഷണസാമഗ്രികൾ ശേഖരിച്ചു അവർക്ക് നേരിട്ട് കൈമാറി. ശുചിമുറി, ടാർപോളിൻ, കുടിവെള്ള പമ്പ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾപോലും ക്യാമ്പിലില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇടമാണ് അസമിലെ പുറത്താക്കപ്പെട്ടവരുടെ ക്യാമ്പെന്ന് ലീഗ് സംഘാംഗങ്ങൾ വിശദീകരിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, അസി. സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ് ഹുസൈൻ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ, സുഹൈൽ കണ്ണീരി, ജമീൽ അഹ്മദ് എന്നിവരാണ് അസം പ്രതിനിധി ദൗത്യത്തെ നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.