ആറുകോടി യുവാക്കൾക്ക് തൊഴിൽ നഷ്ടം
text_fieldsന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ഏപ്രിലിൽ രാജ്യത്ത് ആറുകോടി യുവാക്കൾക്ക് ജോലി നഷ്ടമായി. മേയ് പത്തിന് അവസാനിച്ച ഒരാഴ്ച തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി, തൊട്ടുമുമ്പത്തെ ആഴ്ച 27 ആയിരുന്നു. 20കാരായ 2.7 കോടിക്കും 30കാരായ 3.3 കോടിക്കുമാണ് തൊഴിൽ നഷ്ടമായത്. സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ)യുടേതാണ് കണക്ക്.
യുവാക്കളിലെ തൊഴിൽനഷ്ടം ദീർഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.എം.ഐ.ഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറയുന്നു. ഗാർഹിക സമ്പാദ്യം കുറക്കുകയും സാധാരണക്കാരുടെ കടബാധ്യത കൂട്ടുകയും ചെയ്യും. 2019-20ൽ രാജ്യത്ത് തൊഴിലുള്ളവരുടെ 8.5 ശതമാനം 20-24 പ്രായക്കാരാണ്, ഇവരിൽ 11 ശതമാനത്തിനും ജോലി നഷ്ടമായി.
ലോക്ഡൗണിനെ തുടർന്ന് 12 കോടി തൊഴിലുകളാണ് നിലച്ചത്. ചില സംസ്ഥാനങ്ങളിൽ ഗ്രാമീണ കാർഷിക- വ്യാപാര മേഖലകളിൽ നേരിയ ഉണർവുണ്ടായെന്നും പഠനം പറയുന്നു.
നഗരപ്രദേശങ്ങളിലെ സ്വയം തൊഴിൽ മേഖലയിൽ 84 ശതമാനം പേർക്ക് ജോലി നഷ്ടമായതായി മറ്റൊരു സർവേയിൽ പറയുന്നു. ഗ്രാമീണമേഖലയിൽ 66 ശതമാനം താൽക്കാലികക്കാർക്കും ജോലി നഷ്ടമായി. കാർഷികേതര മേഖലകളിലെ സ്വയം തൊഴിലുകാർക്ക് ഇപ്പോഴും ജോലിയുണ്ടെങ്കിലും 90 ശതമാനത്തിെൻറയും ആഴ്ചയിലെ ശരാശരി വരുമാനം 2240 രൂപയിൽനിന്ന് 218 രൂപയായി ഇടിഞ്ഞതായി അസിം പ്രേംജി സർവകലാശല, 10 സംഘടനകളുടെ സഹായത്തോടെ നടത്തിയ സർവേയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.