അതിർത്തിയിൽ കടന്നുപോയത് ചോര ചിന്തിയ പകലുകൾ; രണ്ട് വയസ്സുള്ള കുട്ടിയടക്കം ആറുപേർ കൊല്ലപ്പെട്ടു
text_fieldsജമ്മു: വെടിനിർത്തലിന് മുമ്പ് പാകിസ്താൻ വ്യാപകമായി ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതിൽ നാലു ജീവനുകൾ പൊലിഞ്ഞു. രജൗരിയിൽ ഔദ്യോഗിക വസതിയിൽ പീരങ്കി ഷെൽ വീണ് അഡീഷനൽ ജില്ലാ വികസന കമീഷണർ രാജ് കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
ഗുരുതര പരിക്കേറ്റ ഥാപ്പയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ പോസ്റ്റിന് സമീപം ശനിയാഴ്ച രാവിലെ പാകിസ്താൻ നടത്തിയ ഷെൽ പൊട്ടിത്തെറിച്ച് ഹിമാചൽ പ്രദേശുകാരനായ സുബേദാർ മേജർ പവൻ കുമാർ വീരമൃത്യു വരിച്ചു. ജമ്മുവിലെ ആർ.എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഷെല്ലാക്രമണത്തിൽ എട്ട് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇവർ സൈനിക മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്
രജൗരി പട്ടണത്തിലെ വ്യവസായ സോണിന് സമീപം പാക് ഷെല്ലാക്രമണത്തിൽ രണ്ട് വയസ്സുള്ള ഐഷ നൂറിന് ജീവൻ നഷ്ടമായി. മുഹമ്മദ് ഷോഹിബ് എന്ന 35കാരനും പാക് ആക്രമണത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. പൂഞ്ചിലെ മെന്ദാർ സെക്ടറിലെ കാംഗ്ര-ഗൽഹുട്ട ഗ്രാമത്തിലെ വീട്ടിൽ മോർട്ടാർ ഷെൽ പതിച്ചതിനെതുടർന്ന് റാഷിദബീ എന്ന 55 കാരിയും മരിച്ചു.
ആർ.എസ് പുരയിൽ അതിർത്തി കടന്നുള്ള വെടിവെപ്പിൽ ബിദിപൂർ ജട്ട ഗ്രാമത്തിലെ അശോക് കുമാർ എന്ന ഷോക്കി കൊല്ലപ്പെട്ടു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. രജൗരിയിലെ നൗഷേര സെക്ടറിൽ പ്രാദേശിക പത്രപ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. ബന്തലാബിലെ ഖേരി കേരൻ ഗ്രാമത്തിൽ ഷെല്ലാക്രമണത്തിൽ സാക്കിർ ഹുസൈൻ എന്ന യുവാവ് മരിച്ചു. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. റെഹാരി, രൂപ് നഗർ എന്നിവയുൾപ്പെടെ ജമ്മുവിലെ ജനവാസകേന്ദ്രങ്ങളിൽ ഷെല്ലുകളും ഡ്രോണുകളും പതിച്ച് നാല് പേർക്ക് പരിക്കേറ്റു. ജമ്മു- കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള 26 സ്ഥലങ്ങൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
പഞ്ചാബിലെ അമൃത്സറിലെ ബിയാസ്, ജലന്ധർ, പത്താൻകോട്ട്, തരൺ തരൺ ജില്ലകളിൽ ഷെൽ വർഷിക്കുന്ന യന്ത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഗുർദാസ്പൂരിലെ രാജുബേല ചിച്രാനിൽ ശനിയാഴ്ച പുലർച്ച സ്ഫോടനത്തെതുടർന്ന് 35 അടി വീതിയും 15 അടി ആഴവുമുള്ള ഗർത്തം രൂപപ്പെട്ടു. ഹരിയാനയിലെയും രാജസ്ഥാനിലെയും അതിർത്തി ജില്ലകളിൽ അതിജാഗ്രത നിർദേശം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.