മുംബൈയിൽ സ്വാതന്ത്ര്യദിനത്തിൽ അറവുശാലകൾക്ക് വിലക്ക്
text_fieldsമുംബൈ: സ്വാതന്ത്ര്യ ദിനത്തിൽ അറവുശാലകൾക്ക് വിലക്കേർപ്പെടുത്തി കല്യാൺ-ഡൊമ്പിവലി കോർപറേഷൻ. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെ കടകൾ തുറക്കരുതെന്നാണ് നോട്ടീസ് നൽകിയത്. കോർപറേഷൻ ഡെപ്യൂട്ടി കമീഷണർ കാഞ്ചൻ ഗെയിക്വാദിന്റെ പേരിലാണ് നോട്ടീസ്. 1988 ഡിസംബർ 19ലെ ഭരണ ഉത്തരവിന്റെ ഭാഗമാണെന്നാണ് പറയുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച അതേ ദിവസം ഞങ്ങളുടെ ആഹാര സ്വാതന്ത്ര്യം കവർന്നെടുക്കുകയാണോ എന്ന് ചോദിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് ജിതേന്ദ്ര ആവാദ് രംഗത്തുവന്നു. രൂക്ഷ ഭാഷയിലാണ് ആവാദിന്റെ വിമർശനം. ബഹുജൻ സമൂഹത്തിന്റെ ഡി.എൻ.എയിൽ മാംസാഹാരമാണ്. അതിന് തെളിവാണ് മനുഷ്യന്റെ പല്ലിന്റെ ഘടന -ആവാദ് പറഞ്ഞു. ജനങ്ങൾ ആഹരിക്കുകയും വിൽക്കുകയും ചെയ്യുന്നവ വിലക്കുന്ന നിയമം എവിടെയെങ്കിലുമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു. ഒ.ബി.സി-മറാത്തി, ഹിന്ദു-മുസ്ലിം, ഹിന്ദി-മറാത്തി എന്നിവർക്കിടയിലെ പോലെ മാംസാഹാരികൾക്കും സസ്യാഹാരികൾക്കുമിടയിലും വിഭജനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.