Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ഛൻ പുസ്തകം വിറ്റ തെരുവിൽ വീട്; ഏഴാം വയസ്സിലെ ആഗ്രഹം സഫലമാക്കി സ്മൃതി ഇറാനി

text_fields
bookmark_border
അച്ഛൻ പുസ്തകം വിറ്റ തെരുവിൽ വീട്; ഏഴാം വയസ്സിലെ ആഗ്രഹം സഫലമാക്കി സ്മൃതി ഇറാനി
cancel

ലഖ്നോ: ഡൽഹിയിലെ തെരുവോരങ്ങളിൽ അച്ഛനൊപ്പം പുസ്തകങ്ങൾ വിൽക്കാൻ പോയ ബാല്യം. അന്ന് മനസ്സിൽ തോന്നിയ ഒരു ആഗ്രഹം വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമായപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായി മാറിയ നിമിഷം. അച്ഛൻ പുസ്തകങ്ങൾ വിറ്റുനടന്ന അതേ തെരുവിൽ വീട് വാങ്ങിയ അനുഭവം പങ്കുവെക്കുകയാണ് നടിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സ്മൃതി ഇറാനി.

ലഖ്നോവിൽ നടന്ന 17-ാമത് സ്ക്രീൻ എക്സ്പ്രസോ പരിപാടിയിലാണ് അവർ ബാല്യകാല ഓർമകൾ പങ്കുവെച്ചത്. ഡൽഹിയിലെ ധൗള കുവാനിൽ ആർമി ക്ലബിന് എതിർവശത്തായിരുന്നു അച്ഛൻ ഹിന്ദി പുസ്തകങ്ങൾ വിറ്റിരുന്നത്. ആനന്ദ് നികേതൻ, ശാന്തി നികേതൻ മേഖലകളിൽ ഇംഗ്ലീഷ് പുസ്തകങ്ങളും വിൽക്കും. ആർ.കെ പുരത്തെ സെക്ടർ ആറിലെ ആക്രിക്കടയിൽനിന്ന് എംബസികൾ ഉപേക്ഷിച്ച പഴയ ടൈം മാസികകൾ വാങ്ങി വീണ്ടും വിൽക്കുകയും ചെയ്തിരുന്നു.

വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങൾ വിൽക്കുന്നതിന്റെ കാരണം ഒരിക്കൽ സ്മൃതി അച്ഛനോട് ചോദിച്ചു. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾ കുറഞ്ഞ വിലയിലുള്ള ഹിന്ദി പുസ്തകങ്ങൾ വാങ്ങാറുണ്ടെന്നും ഇംഗ്ലീഷ് വായിക്കാനോ പഠിക്കാനോ ആഗ്രഹിക്കുന്നവർ മറ്റു പ്രദേശങ്ങളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാറുണ്ടെന്നുമായിരുന്നു അച്ഛന്റെ വിശദീകരണം.

ആർമി ക്ലബിലേക്ക് കാറുകൾ എത്തുന്നതും അവിടെയുള്ളവർക്ക് സല്യൂട്ട് നൽകുന്നതും കണ്ടിരുന്ന സ്മൃതി ഒരുനാൾ ആ തെരുവിൽ തങ്ങൾക്കും വീടുണ്ടാകുമോയെന്ന് അച്ഛനോട് ചോദിച്ചിരുന്നു. അച്ഛൻ പുസ്തകങ്ങൾ വിൽക്കുമ്പോൾ സമയം ചെലവഴിക്കാനായി നൽകിയിരുന്ന ടിഫിൻ ബോക്സിൽ ലഭിക്കുന്ന ചില്ലറത്തുട്ടുകൾ സൂക്ഷിക്കുകയായിരുന്നു അന്ന് സ്മൃതിയുടെ ജോലി.

വർഷങ്ങൾക്കിപ്പുറം അച്ഛൻ പുസ്തകങ്ങൾ വിറ്റിരുന്ന അതേ തെരുവിൽ സ്മൃതി വീട് വാങ്ങി. വീടിന്റെ പണി പൂർത്തിയായപ്പോൾ ആദ്യം അകത്തേക്ക് കയറ്റിയത് അച്ഛനെയായിരുന്നു. ഏഴാം വയസ്സിലെ തന്‍റെ ആഗ്രഹം 50-ാം വയസ്സിൽ നിറവേറ്റിയെന്ന് പറഞ്ഞ സ്മൃതി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ഇതാണെന്നും പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ പരാജയപ്പെട്ടതിനു പിന്നാലെ അഭിനയരംഗത്തേക്ക് മടങ്ങിയ സ്മൃതി ഹിന്ദി ടെലിവിഷൻ പരമ്പരയായ 'ക്യോങ്കി സാസ് ഭി കഭി ബഹു ഥി'യുടെ രണ്ടാം സീസണിൽ അഭിനയിച്ചുവരികയാണ്.

സാമ്പത്തികമായി സാധാരണ കുടുംബത്തിൽ വളർന്ന തനിക്ക് സ്വന്തമായി ഒരു വീടും സാമ്പത്തിക സുരക്ഷിതത്വവുമാണ് വിജയത്തിന്റെ പ്രധാന അളവുകോലെന്ന് സ്മൃതി പറഞ്ഞു. അടുത്ത മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കിലും കുടുംബത്തിന് പ്രയാസമുണ്ടാകാത്ത സാഹചര്യമുണ്ടാകുകയെന്നതായിരുന്നു ഒരുകാലത്തെ ആഗ്രഹം. അവസരങ്ങൾ ലഭിക്കുന്നതും കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയാൻ കഴിയുന്നതുമാണ് തന്‍റെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Smriti Irani Fulfills Dream
Next Story