സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; 200 കുട്ടികൾ ആശുപത്രിയിൽ
text_fieldsപട്ന: ബിഹാർ പട്നയിലെ സർക്കാർ സ്കൂളിൽ പാമ്പുവീണ ഉച്ചഭക്ഷണം നൽകിയതിനെ തുടർന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ അരിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്.
ഒരു ഡസനോളം കുട്ടികൾ ഇത് കാണുകയും ഭക്ഷണം നൽകരുതെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50ാളം പേരുടെ ആരോഗ്യ സ്ഥിതി ഉടൻ മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ 150 കുട്ടികൾ കൂടി രോഗലക്ഷണം പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകട നില തരണം ചെയ്തെന്നും ഡോക്ടർ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടി ഉറപ്പുനൽകിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബി.ഡി.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.