ദക്ഷിണേഷ്യയിൽ മാധ്യമങ്ങളെ ശ്വാസം മുട്ടിക്കുന്നു
text_fieldsന്യൂഡൽഹി: ദക്ഷിണേഷ്യൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മാധ്യമങ്ങളുടെ സ്ഥിതി മോശമാണെന്ന് സൗത്ത് ഏഷ്യ പ്രസ് ഫ്രീഡം റിപ്പോർട്ട് (2024-25 ) പറയുന്നു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിൽ, മാധ്യമ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങൾ തുടരുകയാണ്.
വിശ്വാസ്യതക്കുറവ്, സ്വതന്ത്ര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അടിച്ചമർത്തൽ, മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടിവരുന്ന അപകടകരമായ സാഹചര്യങ്ങൾ തുടങ്ങി നിർമിത ബുദ്ധിയുടെ അതിപ്രസരംവരെ മാധ്യമരംഗം നേരിടുന്നത് എണ്ണമറ്റ വെല്ലുവിളികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നതിന്റെ തോതും കൂടി.
പാകിസ്താനിലെ അവസ്ഥ പരിതാപകരമാണ്. ‘ജനാധിപത്യത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടം’ എന്ന് റിപ്പോർട്ട് വിശേഷിപ്പിക്കുന്ന പാകിസ്താൻ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും അക്രമാസക്തമായ വർഷത്തിലൂടെയാണ് കടന്നുപോയത്. എട്ട് മാധ്യമപ്രവർത്തകരാണ് ഇക്കാലയളവിൽ അവിടെ കൊല്ലപ്പെട്ടത്.
വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഐ.ടി സെല്ലുകൾ വഹിക്കുന്ന പങ്കും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിയമങ്ങൾ ദുരുപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രവണത സമീപവർഷങ്ങളിൽ കൂടിവരുകയാണ്.
സർക്കാറിനെ വിമർശിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും നിയമപരമായ വെല്ലുവിളികൾ നേരിടുന്നു. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ പോലുള്ള നിയമങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ ദുരുപയോഗപ്പെടുത്തിയാണ് സർക്കാർ വിമതസ്വരത്തെ നേരിടുന്നത്. വ്യാജവാർത്ത പ്രവണത ആഗോളതലത്തിൽതന്നെ ഇന്ത്യയിലാണ് കൂടുതൽ. -റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.