വോട്ടർ പട്ടിക പ്രത്യേക പുനഃപരിശോധന; ബിഹാറില് കമീഷനെതിരെ കോൺഗ്രസും സി.പി.എമ്മും
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ബിഹാർ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടത്തുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടിയുടെ സുതാര്യതയിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസും സി.പി.എമ്മും.
വോട്ടർമാരെ മനഃപൂർവം ഒഴിവാക്കുന്നതിലേക്ക് നയിക്കുമെന്നും ഒരു പരിഹാരത്തിന്റെ മറവിൽ വഞ്ചനപരവും സംശയാസ്പദവുമായ നടപടിയാണ് കമീഷിന്റേതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പ്രത്യേക തീവ്രമായ പുനരവലോകനം എന്നതുകൊണ്ട് അർഥമാക്കുന്നത്, കമീഷൻ ബിഹാറിലെ എല്ലാ വീടുകളും സന്ദർശിച്ച് തിരിച്ചറിയൽ രേഖകളുടെയും താമസരേഖകളുടെയും പരിശോധനക്ക് ശേഷം യോഗ്യരായ എല്ലാ വോട്ടർമാരെയും വീണ്ടും ചേർക്കും എന്നാണ്.
ലളിതമായി പറഞ്ഞാൽ, നിലവിലുള്ള വോട്ടർ പട്ടിക പൂർണമായും ഉപേക്ഷിച്ച് സംസ്ഥാനത്തിനായി പുതിയ വോട്ടർ പട്ടിക സൃഷ്ടിക്കാൻ കമീഷൻ ആഗ്രഹിക്കുന്നുവെന്നതാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികകളുടെ പുനരവലോകനം സാധാരണവും പതിവുള്ളതുമായ പ്രക്രിയയാണെങ്കിലും നിലവിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം നിലോൽപാൽ ബസു തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.
കമീഷന്റെ മുഴുവൻ നടപടിക്രമവും കേന്ദ്ര സർക്കാറിന്റെ നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) സമാനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക വിഭാഗം വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായി ഇത് ഉപയോഗിക്കപ്പെടും. അത് അവരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്രയും വിപുലമായ പ്രവൃത്തി നടത്തുന്നത്. വിഷയം കൂടുതൽ സങ്കീർണമാക്കും. ജൂൺ 25ന് ബിഹാറിൽ കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രാഷ്ട്രീയപാർട്ടികളും ഈ നടപടിയെ എതിർക്കുകയും അത് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.