രാഹുലിന്റെ ഫോൺ വിളി അവഗണിച്ച് സ്റ്റാലിൻ; സോണിയയുടെ പുസ്തപ്രകാശനത്തിലും പിണക്കം മാറ്റാതെ ഡിഎംകെ
text_fieldsന്യൂഡൽഹി: കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലെ വിള്ളലുകൾ നേതാക്കളുടെ വ്യക്തിപരമായ ബന്ധങ്ങളെയും ബാധിക്കുന്നു. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ രാഹുൽ ഗാന്ധി വിളിച്ച ഫോൺ കോൾ എംകെ സ്റ്റാലിൻ ഒഴിവാക്കിയതായി റിപ്പോർട്ട്. പരസ്യമായി പരസ്പരം ‘സഹോദരന്മാരായി’ വിശേഷിപ്പിച്ചിരുന്ന നേതാക്കൾ തമ്മിലുള്ള ഈ അകൽച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ന്യൂഡൽഹിയിൽ നടന്ന സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നവംബർ 16ന് രാഹുൽ ഗാന്ധി സ്റ്റാലിനെ ബന്ധപ്പെട്ടത്. എന്നാൽ കോൺഗ്രസ് നേതാവുമായി സംസാരിക്കാൻ ഡിഎംകെ അധ്യക്ഷൻ തയ്യാറായില്ല. അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശനത്തിന് അദ്ദേഹം ആശംസകൾ നേർന്നിരുന്നു.
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് നടൻ വിജയിന്റെ ടിവികെയെ പിന്തുണച്ചതാണ് ഈ രാഷ്ട്രീയ-വ്യക്തിപരമായ ശത്രുതക്ക് കാരണം. ചടങ്ങിൽ സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തതും ശ്രദ്ധേയമായി.
വർഷങ്ങളായി ഇരുനേതാക്കളും പുലർത്തിവന്ന സൗഹൃദത്തിന് വലിയ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ. 2004 മുതൽ ഇടക്കുള്ള ചെറിയ ഇടവേളകളൊഴിച്ചാൽ കോൺഗ്രസും ഡിഎംകെയും സഖ്യകക്ഷികളായിരുന്നു. 2013ൽ ശ്രീലങ്കൻ തമിഴ് വിഷയത്തിൽ ഡിഎംകെ യുപിഎ സർക്കാരിൽ നിന്ന് പുറത്തുപോയെങ്കിലും 2016ൽ ഇവർ വീണ്ടും സഖ്യം പുനഃസ്ഥാപിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആദ്യം പിന്തുണച്ച പ്രമുഖരിൽ ഒരാളാണ് സ്റ്റാലിൻ. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഹുൽ ഗാന്ധി സ്റ്റാലിനെ തന്റെ ‘മൂത്ത സഹോദരൻ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, 2026ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റുകളുടെ കാര്യത്തിലും അധികാരത്തിൽ പങ്കാളിത്തം വേണമെന്നുമുള്ള കോൺഗ്രസിന്റെ ആവശ്യത്തിൽ ഡിഎംകെ അതൃപ്തരായിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിച്ചെങ്കിലും രാഹുലും സ്റ്റാലിനും ചേർന്ന് സംയുക്തമായി പ്രചാരണം നടത്തിയിരുന്നില്ല. 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ചെണ്ണത്തിലാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിജയിന്റെ ടിവികെ തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഡിഎംകെയുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് വിജയിനെ പിന്തുണക്കുകയായിരുന്നു. വിജയ് സർക്കാരിൽ കോൺഗ്രസ് മന്ത്രിസ്ഥാനവും നേടി. ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ നീക്കം ഡിഎംകെ ക്യാമ്പിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കോൺഗ്രസ് വഞ്ചന കാണിച്ചെന്ന് ഡിഎംകെ നേതാക്കൾ ആരോപിച്ചു.

