ഝാർഖണ്ഡിൽ നിയമന പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് സ്റ്റേ: സർക്കാറിനെതിരെ വഞ്ചനക്കുറ്റം ആരോപിച്ച് ഉദ്യോഗാർഥികൾ
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ പ്രതിഷേധങ്ങളെത്തുടർന്ന് റദ്ദാക്കിയ നിയമന പരീക്ഷകളുടെ കാര്യത്തിൽ ഹൈകോടതിയിൽ സർക്കാർ ശരിയായി വാദങ്ങൾ അവതരിപ്പിക്കാതിരുന്നത് വഞ്ചനാപരമെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്. ഹേമന്ത് സോറൻ സർക്കാറിന്റെ പിടിപ്പുകേടുമൂലമാണ് വിവിധ പരീക്ഷകൾ റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തതെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. പരീക്ഷ ക്രമക്കേട് ആരോപിച്ചുള്ള സമരത്തിന് നേതൃത്വം നൽകുന്ന ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ച് അംഗങ്ങൾ വെള്ളിയാഴ്ച റാഞ്ചിയിലെ ഝാർഖണ്ഡ് പബ്ലിക് സർവിസ് കമീഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
ഹസാരിബാഗിലും ഗിരിഡിയിലും സമാന പ്രതിഷേധങ്ങൾ നടന്നു. ആൽബർട്ട് ചൗക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ മുഖ്യമന്ത്രി സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. ഹരജികൾ ഫലപ്രദമായി എതിർക്കാൻ മുതിർന്ന നിയമ ഉദ്യോഗസ്ഥർ ഹാജരായില്ലെന്ന് സമരക്കാർ ആരോപിച്ചു.
ആഗസ്റ്റ് 24 മുതൽ ‘നിയമനസംവിധാന പരിഷ്കരണ യാത്ര’ നടത്തുമെന്ന് ജെ.എൽ.കെ.എം നേതാവ് ദേവേന്ദ്ര നാഥ് മഹതോ പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് ഹൈകോടതിയിൽ സർക്കാർ നിലപാട് ഫലപ്രദമായി വാദിക്കുന്നതിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർക്കാർ ബലപ്രയോഗം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി ആരോപിച്ചു. അതേസമയം, സമരങ്ങളെ മുൻ മുഖ്യമന്ത്രി ചംപായി സോറൻ നിർഭാഗ്യകരമെന്ന് വിശേഷിപ്പിക്കുകയും അത് വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് 26 ദിവസം നീണ്ട സമരത്തെതുടർന്നാണ് സംസ്ഥാന സർക്കാർ 22 പരീക്ഷകൾ റദ്ദാക്കുകയും മറ്റു 23 പരീക്ഷകളിൽ അന്വേഷണം നടത്താൻ തീരുമാനിക്കുകയും ചെയ്തത്. എന്നാൽ, പരീക്ഷകളിൽ വിജയിച്ച ഉദ്യോഗാർഥികൾ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഹൈകോടതിയെ സമീപിച്ചു. ഇതാണ് സ്റ്റേയിലേക്കും അതേച്ചൊല്ലിയുള്ള പുതിയ പ്രതിഷേധത്തിനും വഴിയൊരുക്കിയത്. 2023ലെ ജെ.എസ്.എസ്.സി ബിരുദതല കമ്പൈൻഡ് മത്സരപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി.ഐ.ഡിയുടെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 37 പേരെ ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

