ഭരണഘടന പൊളിച്ചെഴുതണമെന്ന് ചന്ദ്രശേഖർ റാവു; അത് ബി.ജെ.പിക്കാരുടെ ഭാഷയെന്ന് കോൺഗ്രസ്
text_fieldsAFP
ഹൈദരാബാദ്: ഇന്ത്യയുടെ ഭരണഘടന പൊളിച്ചെഴുതണമെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ (കെ.സി.ആർ) പ്രസ്താവനയെ ചൊല്ലി തെലങ്കാനയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. കെ.സി.ആർ ബി.ജെ.പിക്കാരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി പറഞ്ഞു.
പാർലമെന്റിൽ മോദി സർക്കാറിന്റെ എല്ലാ ഭരണഘടന ബില്ലുകളെയും പിന്തുണച്ച പാർട്ടിയുടെ മുഖ്യമന്ത്രിയിൽനിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്. കെ.സി.ആർ എപ്പോഴും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് ചായ്വുള്ളയാളാണ്. ഇത്തവണ അദ്ദേഹം ഡോ. അംബേദ്കറിനെതിരെയും തുറന്നടിച്ചു.-രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു. അതേസമയം, ഭരണഘടന മാറ്റണമെന്നത് യഥാർഥത്തിൽ ബി.ജെ.പിയുടെ ആവശ്യമാണെന്ന പ്രസ്താവനയുമായി തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) നേതാക്കൾ ഉടനടി രംഗത്തെത്തി.
രാജ്യത്ത് അസമത്വം ഇല്ലാതാക്കാൻ പുതിയ ഭരണഘടനയ്ക്ക് മാത്രമേ കഴിയൂ എന്നതിനാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തെറ്റൊന്നുമില്ലെന്ന് ടി.ആർ.എസ് ചീഫ് വിപ്പ് ബൽക്ക സുമൻ പറഞ്ഞു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാൻ പുതിയ ഭരണഘടന വേണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ചർച്ച ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പുതിയ കാര്യമല്ലെന്ന് തെലങ്കാന സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ ബി. വിനോദ് കുമാറും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.