ഉപസംവരണം: ബി.ജെ.പിയിലെ ഭിന്നത പുറത്ത്
text_fieldsന്യൂഡൽഹി: വനിതാ സംവരണ ബിൽ ആഘോഷമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വെട്ടിലാക്കി ഒ.ബി.സി സംവരണ വിഷയത്തിൽ പാർട്ടിയിലെ അഭിപ്രായ ഭിന്നത പുറത്ത് വന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വനിതകൾക്ക് വനിത സംവരണത്തിൽ ഉപസംവരണം വേണമെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഒന്നാം മോദി സർക്കാറിൽ മന്ത്രിയുമായിരുന്ന ഉമാ ഭാരതി ആവർത്തിച്ച് ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധിയും ‘ഇൻഡ്യ’ പ്രതിപക്ഷ സഖ്യവും എടുത്തിട്ട അജണ്ടയിൽ കൊത്തിയ ഉമാ ഭാരതിയോട് ബി.ജെ.പി നേതൃത്വം നീരസം പ്രകടിപ്പിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാളയത്തിൽ പടയും ഭരണവിരുദ്ധ വികാരവും സംസ്ഥാനത്ത് ബി.ജെ.പിക്ക് പ്രതികൂലമായതിന് പിന്നാലെയാണ് ഒ.ബി.സി സംവരണം പാർട്ടിയിലുണ്ടാക്കിയ ഭിന്നിപ്പ് പുറത്തുകൊണ്ടുവന്ന ഉമാ ഭാരതിയുടെ പ്രഖ്യാപനം.
തിങ്കളാഴ്ച പ്രധാനമന്ത്രി ഭോപാൽ സന്ദർശിക്കാനിരിക്കെയായിരുന്നു ഉമാഭാരതി വനിതാ സംവരണത്തിൽ ഒ.ബി.സി വനിതകൾക്ക് പ്രത്യേക സംവരണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഏറ്റുപിടിച്ചത്. ഭോപാലിൽ പ്രധാനമന്ത്രി വരുമ്പോൾ ഇക്കാര്യത്തിൽ ക്രിയാത്മകമായ സന്ദേശം നൽകണമെന്ന് അവർ ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബി.ജെ.പിയിൽ അസ്വസ്ഥത പുകയുന്നതിനിടയിലാണ് ഉമാഭാരതി വീണ്ടും ഉപസംവരണ ആവശ്യം ഉയർത്തിയത്.
1996 മുതൽ താൻ ഒ.ബി.സി സംവരണത്തിനായി ആവശ്യപ്പെട്ടു വരുന്നതാണെന്നും രാമക്ഷേത്രം പോലെ തന്നെയാണ് ഈ വിഷയത്തിൽ തന്റെ നിലപാടെന്നും ഉമാഭാരതി സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.