മോദി ആ ശതകോടികൾ കൊണ്ട് എന്ത് ചെയ്തു? സത്യം പറയണം, അല്ലെങ്കിൽ കോടതിയിൽ കാണാം -മുന്നറിയിപ്പുമായി സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്ക് യു.എസ് എയ്ഡ് 21 ദശലക്ഷം ഡോളർ നൽകിയെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയിൽ കടുത്ത പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ‘പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മോദിക്ക് 21 മില്യൺ ഡോളർ കൈമാറിയതെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് തന്നെ പറയുന്നു. എങ്കിൽ ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം. ഇക്കാര്യം സത്യസന്ധമായി വെളിപ്പെടുത്തണം. അല്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹരജി നേരിടാൻ തയാറെടുക്കുക. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം’ -എന്നാണ് സ്വാമി ട്വിറ്ററിൽ കുറിച്ചത്.
ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് മോദി പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പ്രസ്താവന നിഷേധിച്ച് മോദി പ്രസ്താവനയിറക്കണം. മാനനഷ്ടത്തിന് ട്രംപിന് നോട്ടീസ് അയക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ താൻ മോദിക്കെതിരെ കോടതിയെ സമീപിക്കും’ -സ്വാമി കൂട്ടിച്ചേർത്തു.
ബൈഡൻ ഭരണകൂടം ‘യു.എസ് എയ്ഡ്’ (യുനൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ്) വഴി മോദിക്ക് 21 ദശലക്ഷം ഡോളർ നൽകിയെന്നായിരുന്നു ട്രംപ് വെളിപ്പെടുത്തിയത്. ഇന്ത്യയിൽ ഈ തുക ചെലവിടേണ്ട കാര്യമില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. അതിനിടെ, 18 ദശലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപ് ഏറ്റവുമൊടുവിൽ പറഞ്ഞത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനുവേണ്ടി 18 ദശലക്ഷം ഡോളർ നൽകേണ്ട കാര്യമെന്തായിരുന്നെന്ന് ട്രംപ് ചോദിച്ചു.
ഇന്ത്യക്ക് പണം ആവശ്യമില്ലാത്ത സമയത്താണ് യു.എസ് അവർക്ക് പണം നൽകുന്നത്. യു.എസ് ഉൽപന്നങ്ങൾക്ക് ലോകത്തുതന്നെ ഏറ്റവും കൂടുതൽ തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. യു.എസ് ഉൽപന്നങ്ങൾക്ക് 200 ശതമാനം തീരുവ ഈടാക്കുമ്പോഴാണ് അവരെ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ പണം നൽകുന്നതെന്ന് ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടം പുറത്തുവിട്ട വിവരം ആശങ്കയുണ്ടാക്കുന്നതാണെന്നും സർക്കാർ അക്കാര്യം പരിശോധിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
തന്റെ സുഹൃത്ത് ട്രംപിനെ വിളിച്ച് അമേരിക്ക 21 ദശലക്ഷം ഡോളർ തനിക്ക് നൽകിയെന്ന ആരോപണം നിഷേധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് വക്താവ് പവൻ ഖേര വെല്ലുവിളിച്ചു. 2001 മുതൽ 2024 വരെ യു.എസ് എയ്ഡ് ഇന്ത്യയിൽ ചെലവിട്ട 290 കോടി ഡോളറിന്റെ 44 ശതമാനവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്താണ്. ഇതിൽ 650 ദശലക്ഷം ഡോളർ കഴിഞ്ഞ നാലുവർഷം മോദി സർക്കാർ എന്തിനുവേണ്ടി ചെലവിട്ടുവെന്ന് വ്യക്തമാക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. ‘ജനാധിപത്യ പങ്കാളിത്തത്തിനും സിവിൽ സമൂഹത്തിനും’ എന്ന പേരിൽ 3.65 ലക്ഷം യു.എസ് ഡോളർ നൽകിയ 2012ലാണ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.