ബി.ജെ.പിക്ക് സാമാന്യ ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു; പരിഹാസവുമായി രാജ് താക്കറെ
text_fieldsമുംബൈ: 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം നീക്കം ചെയ്യുക' കാമ്പയിനുമായി ഇറങ്ങിയ ബി.ജെ.പി പരിഹസിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. ജനാധിപത്യ തത്വങ്ങളെ തകർക്കുന്ന പാർട്ടി തന്നെ അതിനെ സംരക്ഷിക്കാൻ സമരം ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിൽ 'വിചിത്രമായ പാർട്ടി' എന്നാണ് താക്കറെ ബി.ജെ.പിയെ വിശേഷിപ്പിച്ചത്. അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിക്ക് ജനാധിപത്യം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എങ്ങനെ സമരം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
"താഴെതട്ട് മുതൽ മുകളിൽ വരെ അവരാണ് അധികാരത്തിൽ ഇരിക്കുന്നത്. പിന്നെങ്ങനെയാണ് അവർക്ക് ജനാധിപത്യം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ സാധിക്കുക? ഒരുപക്ഷേ ഭരണകക്ഷി പ്രതിപക്ഷത്തിനെതിരെ സമരം ചെയ്യുന്ന ലോകത്തിലെ ഏക ഉദാഹരണമായിരിക്കും ഇത്," താക്കറെ പറഞ്ഞു.
അധികാരത്തിലിരിക്കുമ്പോൾ തന്നെ ജനാധിപത്യം, ഭീകരവാദം, സമ്പദ്വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി സമരം നടത്തുകയാണെന്നും അവർക്ക് സാമാന്യബുദ്ധിയുടെ വരൾച്ചയുണ്ടെന്നും താക്കറെ പരിഹസിച്ചു. "മഹാരാഷ്ട്ര ഇപ്പോൾ കടുത്ത ജലക്ഷാമം നേരിടുമ്പോൾ തന്നെ ബി.ജെ.പി സാമാന്യ ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു. അധികാരത്തിലിരുന്ന് ജനാധിപത്യത്തെ ഞെരിച്ചുകൊല്ലുമ്പോഴും അവർ രക്ഷിക്കാൻ സമരം ചെയ്യും. അവരുടെ കീഴിൽ തീവ്രവാദ ആക്രമണങ്ങൾ നടക്കുമ്പോഴോ ക്രമസമാധാനം തകരുമ്പോഴോ രാജ്യത്തെ ഭീകരവാദത്തിൽ നിന്ന് രക്ഷിക്കാൻ സമരം ചെയ്യും. ഇപ്പോൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലേക്ക് പോകുമ്പോൾ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ സമരം ചെയ്യാൻ സാധ്യതയുണ്ട്." അദ്ദേഹം പരിഹസിച്ചു.
12 വർഷം രാജ്യം ഭരിച്ചതിന് ശേഷം പ്രതിപക്ഷത്തിന് ലഭിക്കുന്ന പിന്തുണ അംഗീകരിക്കാൻ ബി.ജെ.പി പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തേക്ക് ചായാൻ തുടങ്ങിയിരിക്കുന്നു. ബി.ജെ.പിയും അത് സഹിക്കാൻ പഠിക്കണം. തോൽവി അംഗീകരിക്കാത്ത കളികൾ ബി.ജെ.പി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) വിഷയത്തിൽ പ്രതിപക്ഷ സംഘങ്ങളുടെ പ്രതിഷേധങ്ങൾ രൂക്ഷമാക്കുന്നതിനിടെയാണ് താക്കറെയുടെ പരാമർശം.

