‘ഡയറിയിലെ എല്ലാ കാര്യങ്ങളും വായിക്കൂ, സോറി പപ്പാ... കൊറിയയാണ് ഞങ്ങളുടെ ജീവിതം’; കരയുന്ന ഇമോജി ഉൾപ്പെടുത്തി പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പ്
text_fieldsകുട്ടികളുടെ ആത്മഹത്യാക്കുറിപ്പ്, ചാടിയ അപാർട്ട്മെന്റ്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കൊറിയൻ ഓൺലൈൻ ഗെയിമുകൾക്കും അവിടുത്തെ സംസ്കാരത്തോടുമുള്ള അമിതമായ ആസക്തിയാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസിയാബാദിലെ ലോണി മേഖലയിലാണ് സംഭവം. ഒമ്പതാം നിലയിലെ അപാർട്ട്മെന്റിലുള്ള പൂജാമുറിയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടിയ പെൺകുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് കാലഘട്ടം മുതൽ ഇവർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരണത്തിന് മുമ്പ് പെൺകുട്ടികൾ ആത്മഹത്യാക്കുറിപ്പും ഡയറിയിൽ വിശദമായ കുറിപ്പുകളും എഴുതിവച്ചിരുന്നു. പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘സോറി പപ്പാ... ഞങ്ങൾക്ക് കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളെ അതിൽ നിന്ന് മാറ്റാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്’ -പെൺകുട്ടികൾ കുറിച്ചു. ‘ഡയറിയിലുള്ളതെല്ലാം വായിച്ചു നോക്കൂ’ എന്നും അവർ എഴുതിയിരുന്നു. കരയുന്ന ഇമോജിയും അവർ വരച്ചു വെച്ചിരുന്നു.
കൊറിയൻ പോപ്പ്, കൊറിയൻ ഡ്രാമകൾ, ഗെയിമുകൾ എന്നിവയോടുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു അവർ. തങ്ങൾക്കായി മാറ്റിവെച്ച ആ ലോകം ഉപേക്ഷിക്കാൻ തയാറല്ലെന്ന് അവർ കുറിപ്പുകളിൽ സൂചിപ്പിച്ചിരുന്നു. ‘കൊറിയൻ ലവർ’ (Korean Lover) പോലുള്ള ടാസ്ക് അധിഷ്ഠിത ഗെയിമുകൾക്കാണ് കുട്ടികൾ അടിമപ്പെട്ടിരുന്നത്. ബ്ലൂ വെയിൽ ചലഞ്ച് പോലെ ഉപയോക്താക്കളെ അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കുന്ന രീതിയിലുള്ളതായിരുന്നു ഈ ഗെയിമുകളെന്ന് പൊലീസ് സംശയിക്കുന്നു. പെൺകുട്ടികൾ തങ്ങൾക്കായി കൊറിയൻ പേരുകൾ പോലും നൽകിയിരുന്നു. വീട്ടിലും സ്കൂളിലും തങ്ങളുടെ യഥാർഥ പേരുകൾക്ക് പകരം കൊറിയൻ ഐഡന്റിറ്റിയിൽ ജീവിക്കാനാണ് അവർ ആഗ്രഹിച്ചത്.
കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും മൂന്ന് സഹോദരിമാരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. കുട്ടികൾ ഗെയിമിന് അടിമയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ പലതവണ ശ്രമിക്കുകയും വഴക്ക് പറയുകയും ചെയ്തു. വീട്ടുകാർ ഫോൺ ഉപയോഗിക്കുന്നതിനെ വിലക്കിയതും ഗെയിമിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതും ഇവരെ മാനസികമായി തളർത്തിയിരിക്കാമെന്ന് പൊലീസ് പറയുന്നു.
നിയന്ത്രണങ്ങൾ കുട്ടികളെ കൂടുതൽ വാശിക്കാരാക്കിയതായും ഒടുവിൽ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതായും കരുതപ്പെടുന്നു. ഓൺലൈൻ ലോകത്തെ ഫാന്റസികളിൽ കുടുങ്ങിപ്പോകുന്ന കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചും മാതാപിതാക്കൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

