‘വോട്ടർ സൗഹൃദ എസ്.ഐ.ആർ’; ‘വോട്ടു ബന്ദി’യെ വീണ്ടും പിന്തുണച്ച് സുപ്രീംകോടതി
text_fieldsജീവനോടെയുണ്ട്: ബിഹാറിെല വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധനയിൽ മരിച്ചവരെന്ന് കണക്കാക്കി വോട്ടവകാശം നിഷേധിക്കപ്പെട്ടവർ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയപ്പോൾ
ന്യൂഡൽഹി: കരട് വോട്ടർപട്ടികയിൽ നിന്നു തന്നെ 65 ലക്ഷം പേരെ വെട്ടിമാറ്റിയ ‘വോട്ടുബന്ദി’ എന്ന ആക്ഷേപത്തിനിരയായ ബിഹാറിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ) വോട്ടർ സൗഹൃദമായെന്ന് സുപ്രീംകോടതി.
പൗരത്വം തെളിയിക്കാൻ കമീഷൻ 11 രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ മതിയെന്ന് ആവശ്യപ്പെട്ടത് പരിഗണിച്ചാണ് എസ്.ഐ.ആർ വോട്ടർ സൗഹൃദമാണെന്ന് തങ്ങൾ പറയുന്നതെന്ന് ജസ്റ്റിസുമാരായ എ. സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും വ്യക്തമാക്കി.
ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ എസ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളുടെ അന്തിമ വാദത്തിന്റെ രണ്ടാം ദിവസവും സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും എസ്.ഐ.ആറിനെ പിന്തുണക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
ബിഹാറിലെ പാർശ്വവത്കൃതരും ദരിദ്രരുമായ അനേകം ജനങ്ങൾക്ക് ലഭ്യമായ ഈ 11 രേഖകളുമില്ലെന്ന അഭിഷേക് മനു സിങ്വിയുടെ വാദം തള്ളിയ കോടതി, കൂടുതൽ ഐ.പി.എസുകാരും ഐ.എ.എസുകാരും വരുന്ന ബിഹാറിനെ അത്രക്ക് മോശമാക്കേണ്ട എന്ന് പ്രതികരിച്ചു.
ആധാറും വോട്ടർ ഐ.ഡിയും റേഷൻ കാർഡും കൂടി പൗരത്വ രേഖകളായി കാണണമെന്ന തങ്ങളുടെ തന്നെ അഭിപ്രായം ഇരു ജഡ്ജിമാരും അന്തിമ വാദത്തിൽ മാറ്റുന്നതാണ് കണ്ടത്. സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള അഭ്യർഥന തെരഞ്ഞെടുപ്പ് കമീഷൻ തള്ളിക്കളഞ്ഞ ശേഷമാണ് രേഖകളുടെ കാര്യത്തിൽ ഇരു ജഡ്ജിമാരുടെയും നിലപാട് മാറ്റം.
മുമ്പ് പൗരത്വം തെളിയിക്കാനായി ആവശ്യപ്പെട്ടിരുന്നത് ഏഴ് രേഖകളായിരുന്നു, അതിപ്പോൾ 11 ആക്കിയല്ലോ എന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ആധാറിനെ പൗരത്വ രേഖയായി കാണാത്തതുകൊണ്ടാണ് വലിയൊരു വിഭാഗത്തെ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളാനുള്ളതാണ് എസ്.ഐ.ആർ എന്ന് ഹരജിക്കാർ പറയുന്നത്.
ആധാറിന്റെ കാര്യത്തിൽ ഈ വാദം സമ്മതിച്ചാലും ഏഴിന് പകരം 11 രേഖകൾ പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കുന്നതോടെ എസ്.ഐ.ആർ വോട്ടർ സൗഹൃദമായി മാറി. എല്ലാ 11 രേഖകളും കാണിച്ചാലേ വോട്ടർപട്ടികയിൽ ചേർക്കൂ എന്ന് പറയുന്നത് വോട്ടർ വിരുദ്ധമാണ്. എന്നാൽ ഏതെങ്കിലും ഒന്ന് മതി എന്ന് കമീഷൻ പറഞ്ഞതോടെ എസ്.ഐ.ആർ വോട്ടർ സൗഹൃദമായെന്ന് ജസ്റ്റിസ് സൂര്യകാന്ത് ആവർത്തിച്ചു.
ഇതേ നിലപാട് കൈക്കൊണ്ട ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനാപരമായ അധികാരവും വോട്ടറുടെ മൗലികാവകാശവും തമ്മിലുള്ള തർക്കമാണ് ഈ കേസെന്ന് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.