കർഷക ഉപരോധത്തിനെതിരെ വീണ്ടും സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഡൽഹിയുടെ അതിർത്തികളിൽ ദേശീയപാത ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ വീണ്ടും സുപ്രീംകോടതി. പരാതികൾ കോടതി മുഖേനയോ സമര മാർഗത്തിലൂടെയോ പാർലമെൻററി ചർച്ചകളിലൂടെയോ പരിഹരിക്കണം. ദേശീയപാത ഉപരോധിക്കുകയല്ല മാർഗമെന്നും ജസ്റ്റിസ് എസ്.കെ കൗളിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ഓർമിപ്പിച്ചു.
ദേശീയപാത സ്ഥിരമായി എങ്ങനെ ഉപരോധിക്കാൻ കഴിയും? ഇത് എവിടെ അവസാനിക്കും? കോടതി വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അത് നടപ്പാക്കേണ്ടത് സർക്കാറിെൻറ ചുമതലയാണ്. നിയമം എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാറിെൻറ പണിയാണ്. കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നതിനെതിരെ യു.പി നോയ്ഡയിലെ മോണിക്ക അഗർവാൾ നൽകിയ ഹരജി കേൾക്കുകയായിരുന്നു സുപ്രീംകോടതി.
ഗതാഗതതടസ്സം ഒഴിവാക്കണമെന്ന് കർഷകരോട് നിർബന്ധിച്ചു വരുകയാണെന്ന് യു.പി സർക്കാർ കോടതിയെ അറിയിച്ചു. ചർച്ചകൾക്ക് ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാൻ കർഷകർ തയാറായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കർഷക പ്രതിനിധികളെ പരാതിക്കാരിക്ക് അറിയില്ലെന്നിരിക്കേ, കേസിൽ അവരെയും കേന്ദ്രസർക്കാർ കക്ഷിയാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതിന് അപേക്ഷ നൽകാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു. പ്രശ്നപരിഹാരത്തിന് ഇതുവരെ എന്തൊക്കെ ചെയ്തുവെന്നും, കർഷക പ്രതിനിധികളെ കക്ഷിയാക്കുന്നത് പ്രശ്നപരിഹാരത്തെ എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.