
കേരളത്തിലെ സ്വാശ്രയ ബി.എഡ് കോളജുകളിൽ ഫീസ് വർധനവിന് സുപ്രീം കോടതി അനുമതി
text_fieldsന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന സുപ്രീംകോടതി അംഗീകരിച്ചു. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ, സ്വാശ്രയ ബി.എഡ് കോളജുകളിലെ മെറിറ്റ് സീറ്റിൽ 45000 രൂപയും, മാനേജ്മെന്റ് ക്വോട്ടയിൽ 60,000 രൂപയും വീതം ഫീസ് മാനേജ്മെൻറുകൾക്ക് ഈടാക്കാം.
കോവിഡ് കാലത്ത് ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഗണിച്ച് ഒരു കോഴ്സിനും ഫീസ് വർധിപ്പിക്കരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി ബോധിപ്പിച്ചിരുന്നു. ഫീസ് വർധന നിർണയിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സംസ്ഥാന സർക്കാറാണ് നിയോഗിച്ചതെന്നും എന്നാൽ ആ കമ്മിറ്റിയുടെ ശിപാർശ മരവിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും സ്വാശ്രയ ബി.എഡ് കോളജ് അസോസിയേഷൻ ബോധിപ്പിച്ചു.
സർക്കാർ സമിതിയുടെ ശിപാർശ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന വാദമാണ് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകരായ മനീന്ദർ സിങ്ങും ഹാരിസ് ബീരാനും വാദിച്ചത്. 2008 മുതൽ ഫീസ് വർധിപ്പിക്കാത്തതടക്കം കണക്കിലെടുത്താണ് ഫീസ് വർധനവിന് സമിതി ശിപാർശ ചെയ്തതെന്നും അവർ വാദിച്ചു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി ഫീസ് വർധനവിന് പച്ചക്കൊടി കാണിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.