പോക്സോ അതിജീവിതയെ വിവാഹം ചെയ്ത യുവാവിന്റെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി
text_fieldsസുപ്രീംകോടതി, പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തി, പിന്നീട് അതേ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരായ പോക്സോ കേസ് നടപടി സുപ്രീംകോടതി റദ്ദാക്കി.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പൂർണ അധികാരങ്ങൾ ഉപയോഗിച്ചാണ് കോടതി ഇടപെടൽ. പ്രതി ‘കുറ്റകൃത്യം ചെയ്തത് കാമത്തിന്റേതല്ല, പ്രണയത്തിന്റെ ഫലമായിരുന്നു’വെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവ് സവിശേഷ സാഹചര്യത്തിലാണെന്നും മറ്റേതെങ്കിലും കേസിന് മാതൃകയല്ലെന്നും ബെഞ്ച് വ്യക്തമാക്കി.പ്രതിയുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. പ്രതിയെ വിവാഹം കഴിച്ചെന്നും ഒരു വയസ്സുള്ള ഒരു ആൺകുട്ടിയുണ്ടെന്നും ഇരയായ പെൺകുട്ടി കോടതിയെ അറിയിച്ചു.
ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇരയും കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും എ.ജി. മാസിഹും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നീതി നടപ്പാക്കാൻ സൂക്ഷ്മമായ സമീപനം വേണമെന്നും കർശന നടപടിക്കൊപ്പം കരുണയോടെയുള്ള ഇടപെടലും വേണമെന്ന് കോടതി വ്യക്തമാക്കി. നീതിയുടെയും ഭീഷണിപ്പെടുത്തലിന്റെയും ഇരയുടെ പുനരധിവാസത്തിന്റെയും ഭിന്നതാൽപര്യങ്ങൾ കോടതി സന്തുലിതമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.
ഉചിതമായ കേസുകളിൽ പൂർണ നീതി നൽകുന്നതിനുള്ള അസാധാരണമായ അധികാരം ഭരണഘടന നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ കുറ്റകൃത്യമായതിനാൽ, പ്രതിയും ഭാര്യയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ നടപടികൾ റദ്ദാക്കാൻ കഴിയില്ല. എന്നാൽ, ഭാര്യയുടെ അനുകമ്പക്കും സഹാനുഭൂതിക്കും വേണ്ടിയുള്ള മുറവിളി അവഗണിച്ചാൽ നീതിയുടെ ലക്ഷ്യങ്ങൾ നടപ്പാകില്ലെന്ന് ബെഞ്ച് പറഞ്ഞു.
കൊടുംകുറ്റവാളികൾക്കുപോലും കോടതിയുടെ അനുകമ്പ കാരണം മിതമായ നീതി ലഭിക്കുന്നുണ്ട്. ഈ കേസിലെ സാഹചര്യമനുസരിച്ച് പ്രായോഗികതയും സഹാനുഭൂതിയും സംയോജിപ്പിക്കുന്ന സമീപനം ആവശ്യമാണെന്നും ബെഞ്ച് പറഞ്ഞു. കേസ് നടപടികൾ തുടരുന്നതും ഭർത്താവിനെ തടവിലാക്കുന്നതും കുടുംബ ബന്ധത്തെ തകർക്കും. ഇത് ഇരക്കും കുഞ്ഞിനും സമൂഹത്തിന്റെ ഘടനക്കും പരിഹരിക്കാനാകാത്ത ദോഷം ചെയ്യുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഭാര്യയെയും കുട്ടിയെയും ഉപേക്ഷിക്കരുതെന്നും ജീവിതകാലം മുഴുവൻ അന്തസ്സോടെ പരിപാലിക്കണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകി. വീഴ്ചയുണ്ടായാൽ അനന്തരഫലം സുഖകരമായിരിക്കില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

