മുൻകൂർ ജാമ്യം ആദ്യം ഹൈകോടതിക്ക് പരിഗണിക്കാമോ? സുപ്രീംകോടതി വിശാല ബെഞ്ച് പരിശോധിക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ സെഷൻസ് കോടതികളെ മറികടന്ന് ആദ്യം ഹൈകോടതികൾക്ക് പരിഗണിക്കാമോ എന്ന വിഷയത്തിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വാദം കേൾക്കും. കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ (കെ.എച്ച്.സി.എ.എ) അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടത്.
സെഷൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെടാതെ മുൻകൂർ ജാമ്യ ഹരജികൾ പരിഗണിക്കുന്നത് കേരള ഹൈകോടതി പതിവാക്കിയതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മറ്റ് കോടതികളിലൊന്നും ഇത്തരമൊരു പതിവില്ലെന്ന് ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി വിഷയത്തിൽ മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സുപ്രീംകോടതിയുടെ അഭിപ്രായത്തോട് യോജിച്ച അദ്ദേഹം ഹൈകോടതിക്കും സെഷൻസ് കോടതിക്കും തത്തുല്യ അധികാരമാണ് ഉള്ളതെന്നും എന്നാൽ നീതിലഭ്യതയും ജുഡീഷ്യൽ പ്രവർത്തനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യം സെഷൻസ് കോടതിയെ സമീപിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും വിശദമാക്കി. പരാതിക്കാരനെ സംബന്ധിച്ചും അതാണ് നല്ലത്. അതേസമയം , തത്തുല്യാധികാരം എടുത്തുകളയരുതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ള 165 അഭിഭാഷകർ പ്രമേയത്തിലൂടെയാണ് തങ്ങളുടെ നിലപാട് പരമോന്നത കോടതിയെ ധരിപ്പിക്കാൻ കെ.എച്ച്.സി.എ.എയോട് അഭ്യർഥിച്ചത്. ക്രിമിനൽ നിയമസംഹിതയുടെ സെക്ഷൻ 438 ഉം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 482ഉം മുൻകൂർ ജാമ്യാപേക്ഷകൾ സ്വീകരിക്കാൻ ഹൈകോടതിക്കും സെഷൻസ് കോടതിക്കും തുല്യാധികാരമാണ് നൽകുന്നതെന്ന് കെ.എച്ച്.സി.എ.എ ഹരജിയിൽ വ്യക്തമാക്കുന്നു.
കുറ്റാരോപിതനായ വ്യക്തി മുൻകൂർ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമെന്ന നിർദേശമോ മുൻ ഉപാധിയോ നിയമം അനുശാസിക്കുന്നില്ല. ഏത് കോടതിയെ സമീപിക്കണമെന്നത് പരാതിക്കാരന്‍റെ സ്വാതന്ത്ര്യമാണ്. കേസിലെ പ്രതി ഹൈകോടതിക്ക് മുമ്പേ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കണമെന്ന് നിർബന്ധമില്ലെന്ന് കേരള ഹൈകോടതിയുടെതന്നെ 2003 ലെ ഒരു കേസിന്‍റെ വിധിന്യായത്തിൽ പറയുന്നുണ്ടെന്നും കെ.എച്ച്.സി.എ.എ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിലവിലുള്ള ഓൺലൈൻ കേസ് മാനേജ്‍മെന്‍റ് സിസ്റ്റത്തിലേക്കും ഹരജി പരമോന്നത കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. അതിലൂടെ കേസ് സംബന്ധമായ രേഖകൾ വിചാരണ കോടതിയിൽനിന്ന് ഹൈകോടതിക്ക് താമസമോ തടസ്സമോ കൂടാതെ എടുക്കാൻ പറ്റുമെന്നും ഹരജിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

