ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയം: ഹരജി തള്ളി
text_fieldsന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിൽ നിയമസഭ, ലോക്സഭ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിന്റെ സാധുത ചോദ്യംചെയ്ത് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓഖ എന്നിവരടങ്ങിയ ബെഞ്ച് രണ്ടു കശ്മീർ സ്വദേശികൾ നൽകിയ ഹരജി തള്ളിയത്.
എന്നാൽ, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ സാധുത മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലായതിനാൽ അക്കാര്യം തങ്ങൾ പരിശോധിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മണ്ഡല പുനർനിർണയം ഭരണഘടനവിരുദ്ധമാണെന്നാണ് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രവിശങ്കർ ജൻധ്യാല വാദിച്ചത്. 2008ലെ മണ്ഡല പുനർനിർണയം തെരഞ്ഞെടുപ്പ് കമീഷനാണ് നടത്തിയതെന്നും പ്രത്യേക കമീഷനെ ഇതിന് നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചിരുന്നു.
എന്നാൽ, ഭരണഘടനയനുസരിച്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ മണ്ഡല പുനർനിർണയത്തിനായി കമീഷൻ രൂപവത്കരിച്ചതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പുനർനിർണയ കമീഷന് കേന്ദ്രഭരണപ്രദേശത്തെ 90 മണ്ഡലങ്ങളായി വിഭജിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. 2020 മാര്‍ച്ച് ആറിനാണ് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മണ്ഡല പുനർനിർണയ കമീഷന്‍ രൂപവത്കരിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ജമ്മു-കശ്മീര്‍ ഇലക്ടറല്‍ ഓഫിസറും ഇതിലെ അംഗങ്ങളാണ്.
കമീഷൻ കേന്ദ്ര സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ജമ്മു-കശ്മീരും ലഡാക്കും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.