ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സുപ്രീം എന്ന് വിളിക്കാനാവില്ല -മഹ്മൂദ് മദനി
text_fieldsമഹ്മൂദ് മദനി
ന്യൂഡൽഹി: ബാബരി മസ്ജിദ്, മുത്തലാഖ് തുടങ്ങി നിരവധി വിഷയങ്ങളിൽ സുപ്രീംകോടതി സർക്കാർ സമ്മർദത്തിന് വഴങ്ങിയെന്ന് ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മഹ്മൂദ് മദനി. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതുവരെ മാത്രമേ സുപ്രീം എന്ന് പറയാനാകൂവെന്നും സ്വന്തം ബാധ്യത നിർവഹിക്കാൻ സുപ്രീംകോടതിക്ക് കഴിയുന്നില്ലെങ്കിൽ അത് സുപ്രീം എന്ന വിശേഷണം അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭോപാലില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ജനവിഭാഗങ്ങളെ നിയമപരമായി നിസ്സഹായരാക്കിയും സാമൂഹികമായി ഒറ്റപ്പെടുത്തിയും സാമ്പത്തികമായി അവഹേളിച്ചും നിരാലംബരാക്കിയും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പരമാധികാരം നൽകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി ബുൾഡോസർ നടപടികളും ആൾക്കൂട്ട ആക്രമണങ്ങളും മുസ്ലിം വഖഫുകളെ ദുർബലപ്പെടുത്തലും മദ്റസകളെയും ഇസ്ലാമിക പരിഷ്കരണ സംരംഭങ്ങളെയും മോശമാക്കലും നടത്തിക്കൊണ്ടിരിക്കുകയാണ്.
1991ലെ ആരാധനാലയ നിയമം നിലനില്‍ക്കെ, ഗ്യാന്‍വാപി, ശ്രീകൃഷ്ണ ജന്മഭൂമി കേസുകളിലെ സമീപകാല കീഴ്ക്കോടതി നടപടികളെ മദനി വിമർശിച്ചു.
‘ജിഹാദ്’ എന്ന വാക്കിന്റെ ദുരുപയോഗത്തേയും അദ്ദേഹം എതിര്‍ത്തു.
വോട്ടര്‍പട്ടികയില്‍ നടത്തുന്ന പ്രത്യേക തീവ്ര പരിശോധനയെ ജംഇയ്യത് പാസാക്കിയ പ്രമേയം ചോദ്യം ചെയ്തു. ഈ നടപടി ഒരുവിഭാഗം ജനങ്ങളുടെ പൗരാവകാശത്തെപ്പോലും അപകടത്തിലാക്കിയേക്കാം. അത് ഭരണഘടനാ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായിരിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

