വെള്ളപ്പൊക്കം: ഹിമാലയത്തിലെ അനധികൃത മരംവെട്ടിനെതിരെ സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ അനധികൃത മരംമുറി ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശനം. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിൽ മരത്തടികൾ വ്യാപകമായി പൊങ്ങിക്കിടക്കുന്നതിന്റെ വിഡിയോകൾ ചൂണ്ടിക്കാണിച്ചായിരുന്നു കോടതി വിമർശനം. അനധികൃത മരംമുറിയിൽ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിലുടനീളം നിരവധി സംസ്ഥാനങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്നു. പഞ്ചാബ് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് അഭിമുഖീകരിക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ വലിയ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാം കണ്ടു. പ്രളയത്തിൽ വൻതോതിൽ മരങ്ങൾ ഒഴുകിയെത്തിയതായി മാധ്യമ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്. കുന്നിൻ മുകളിൽ അനധികൃതമായി മരങ്ങൾ മുറിക്കുന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിഷയം വളരെ ഗൗരവമുള്ളതാണെന്നും വെള്ളത്തിൽ ഇത്രയധികം തടികൾ പൊങ്ങിക്കിടക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുമായി ബന്ധപ്പെടുമെന്നും വിശദ വിവരങ്ങൾ ആവശ്യപ്പെടുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.