തെരഞ്ഞെടുപ്പും നിയമനിർമാണ സഭയും ഇല്ലാതാക്കി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാമോ -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരു കേന്ദ്രഭരണപ്രദേശം സംസ്ഥാനമാക്കാനാകുമെങ്കിലും തിരിച്ച് ഒരു സംസ്ഥാനം കേന്ദ്രഭരണപ്രദേശമാക്കാനാകുമോ എന്ന് സുപ്രീംകോടതി. ജനാധിപത്യത്തിന്റെ സവിശേഷതകളായ തെരഞ്ഞെടുപ്പും നിയമനിർമാണ സഭയുമുള്ള ഒരു പ്രദേശത്തെ അതില്ലാത്തതാക്കി മാറ്റുകയല്ലേ കേന്ദ്രഭരണപ്രദേശമാക്കുന്നതിലൂടെ ചെയ്യുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളിലെ വാദത്തിന്റെ എട്ടാം ദിവസമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഈ ചോദ്യമുന്നയിച്ചത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയത് ഭരണഘടനാ വഞ്ചനയാണെന്ന് മുതിർന്ന അഭിഭാഷകൻ സി.യു. സിങ് ഹരജിക്കാർക്ക് വേണ്ടി ബോധിപ്പിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനപോലും നിയമവിരുദ്ധ ബില്ലിലൂടെ കേന്ദ്രസർക്കാർ തുടച്ചുനീക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മു-കശ്മീരിനുള്ള പ്രത്യേക അധികാരങ്ങൾ പരിഗണിച്ചില്ലെങ്കിൽ പോലും ഭരണഘടനാപരമായി സംസ്ഥാന പുനഃസംഘടന തെറ്റാണ്. 1905ൽ കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യ വിഭജിച്ചത് വലിയ കുഴപ്പമുണ്ടാക്കിയപ്പോൾ 1911ൽ അത് തിരുത്തുകയും പ്രവിശ്യാവിഭജനം സംബന്ധിച്ച് 1917 ആഗസ്റ്റ് 20ന് ബ്രിട്ടീഷ് പാർലമെന്റ് പ്രഖ്യാപനം ഇറക്കുകയും ചെയ്തു. 1935ൽ ഇന്ത്യാ ഗവൺമെന്റ് നിയമമുണ്ടാക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ ഈ പ്രഖ്യാപനം പ്രത്യേകം എടുത്തുപറയുന്നുണ്ട്.
അത് പ്രകാരം ഗവർണർ ജനറൽ പ്രാദേശിക സർക്കാറിൽനിന്നും പ്രാദേശിക നിയമന നിർമാണ സഭയിൽനിന്നും അഭിപ്രായം അറിഞ്ഞശേഷം പുതിയ പ്രവിശ്യകളുണ്ടാക്കാവൂ. പ്രവിശ്യകളുടെ അതിർത്തിമാറ്റം നിയമനിർമാണ കൗൺസിലിന്റെ അനുമതിയില്ലാതെ ചെയ്യരുത് എന്നാണ് 1935 ഇന്ത്യാ ഗവൺമെന്റ് നിയമം വ്യക്തമാക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം അനുച്ഛേദം ഈ ചൈതന്യമുൾക്കൊണ്ടാണ് ഉണ്ടാക്കിയത്. ജമ്മു- കശ്മീരിന്റെ കാര്യത്തിൽ ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിന് കേന്ദ്രസർക്കാർ നൽകിയ വ്യാഖ്യാനം സുപ്രീംകോടതി ശരിവെച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാകുമെന്ന് സിങ് ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.