സുപ്രീംകോടതിയിലെ സംവരണം: വിജ്ഞാപനമിറങ്ങി; പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കൊപ്പം ഒ.ബി.സിക്കും അംഗപരിമിതർക്കും വിമുക്തഭടന്മാർക്കും സംവരണം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ജീവനക്കാരുടെ നേരിട്ടുള്ള നിയമനങ്ങളിൽ പട്ടിക ജാതി - വർഗ വിഭാഗങ്ങൾക്കൊപ്പം മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), അംഗപരിമിതർ, വിമുക്ത ഭടന്മാർ, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതർ എന്നിവരെയും ഉൾപ്പെടുത്തി. ജൂലൈ മൂന്നിന് പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജഞാപനത്തിലാണ് സംവരണം ഏർപ്പെടുത്തിയ മറ്റു വിഭാഗങ്ങളുടെ കൂടി വിവരങ്ങളുള്ളത്. സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സംവരണം ഏർപ്പെടുത്തുന്നത്.
സുപ്രീംകോടതി ഉദ്യോഗസ്ഥരുടെയും സേവകരുടെയും സേവന വ്യവസ്ഥകൾ അടങ്ങുന്ന 1961ലെ ചട്ടം ഭേദഗതി ചെയ്താണ് ജീവനക്കാരുടെ നേരിട്ടുള്ള റിക്രൂട്ട്മെന്റിൽ സംവരണത്തിന് വ്യവസ്ഥ കൊണ്ടുവന്നത്. ചട്ടം 4(എ) ഇതിനായി ഭേദഗതി ചെയ്തത്. ഭരണഘടനയുടെ 146(2) അനുച്ഛേദം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നൽകുന്ന അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നിയമന ചട്ടത്തിൽ ഈ ഭേദഗതി. കേന്ദ്ര സർക്കാർ നിയമനങ്ങളിൽ നിഷ്‍കർഷിച്ച ശതമാനം അനുസരിച്ചായിരിക്കും ഓരോ സംവരണ വിഭാഗങ്ങൾക്കുമുള്ള സംവരണം.
ഇതു പ്രകാരം പട്ടിക ജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും ഒ.ബി.സിക്ക് 27 ശതമാനവും സംവരണം ലഭിക്കും. സുപ്രീംകോടതിയിൽ ആകെ 2577 ജുഡിഷ്യൽ ഇതര ജീവനക്കാരാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.