ഇ.ഡിക്കെതിരായ സുപ്രീം കോടതി ഉത്തരവ്; ഡി.എം.കെക്ക് രാഷ്ട്രീയ വിജയം
text_fieldsചെന്നൈ: തമിഴ്നാട് സംസ്ഥാന മാർക്കറ്റിങ് കോർപറേഷൻ(ടാസ്മാക്) ആസ്ഥാനത്തും മറ്റും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡും അന്വേഷണ നടപടികളും സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഡി.എം.കെക്ക് രാഷ്ട്രീയ നേട്ടവും ബി.ജെ.പിക്ക് തിരിച്ചടിയുമായി.
സംസ്ഥാനത്ത് മദ്യ സംഭരണവും വിൽപനയും നടത്തുന്ന സ്ഥാപനമാണ് ‘ടാസ്മാക്’. കേന്ദ്ര സേനയുടെ അകമ്പടിയോടെ ചെന്നൈയിലെ ടാസ്മാക് ആസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡുകളും ടാസ്മാക് മാനേജിങ് ഡയറ്കടർ വിശാഖനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും വിവാദമായിരുന്നു. മേയ് 16ന് ടാസ്മാക് ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റുമായി പത്തിലധികം കേന്ദ്രങ്ങളിലും ഇ.ഡി പരിശോധന നടത്തി.
ഈ പരിശോധന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടാസ്മാക് മാനേജിങ് ഡയറക്ടറും തമിഴ്നാട് സർക്കാറും ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഹരജി തള്ളിയ ഹൈകോടതി ഇ.ഡിയോട് അന്വേഷണം തുടരാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.ഡി റെയ്ഡ്. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ വ്യക്തിഗത വാട്ട്സ്ആപ് സന്ദേശങ്ങൾ കേസിനാധാരമാക്കിയ ഇ.ഡി നടപടിയും വിവാദമായിരുന്നു.
സുപ്രീംകോടതി ഉത്തരവ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു. ഇ.ഡി ബ്ലാക്ക്മെയിലിങ് ഏജൻസിയായെന്നും അദ്ദേഹം ആരോപിച്ചു. കൈക്കൂലി ആരോപണങ്ങളുടെ പേരിൽ തമിഴ്നാട്ടിലും കേരളത്തിലും ഇ.ഡി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവങ്ങൾ ഇതിന് തെളിവാണ്.
ഇ.ഡിയെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസ് നടപടികളുമായി ഇ.ഡി മുന്നോട്ടുപോകുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ എൽ. മുരുകൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.