തെരഞ്ഞെടുപ്പ് കമീഷൻ നിയമന കേസ് അടിയന്തരമായി കേൾക്കില്ല; എല്ലാ കേസുകളും പ്രധാനമെന്നും ഒന്നുമാത്രം വലുതല്ലെന്നും സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനരീതി മാറ്റിയതിനെതിരായ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജനാധിപത്യത്തിന്റെ അതിജീവനത്തിന് അങ്ങേയറ്റം പ്രധാന്യമുള്ളതാണ് കേസെന്ന് ബോധിപ്പിച്ച അഭിഭാഷകനോട്, എല്ലാ കേസുകളും തങ്ങൾക്ക് പ്രധാനമാണെന്നും ഒരു കേസ് മാത്രം വലുതല്ലെന്നും പറഞ്ഞാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം നിരാകരിച്ചത്. കേസ് ഇന്ന് പരിഗണിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ സമാന ഹരജിയുമായി മഹുവ മൊയ്ത്രയും സുപ്രീംകോടതിയിലെത്തി.
സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണറുടെയും പാതിരാ നിയമനം അനാദരവും മര്യാദകേടുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെലക്റ്റ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. സുപ്രീംകോടതി ഈ കേസ് കേൾക്കുന്നതുവരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണറെയും തെരഞ്ഞെടുക്കാനുള്ള യോഗം മാറ്റിവെക്കണമെന്നായിരുന്നു രാഹുൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ആദ്യ നാല് കേസുകൾ മാത്രം കേട്ട ബെഞ്ച് 41ാമത്തെ ഇനമായി പട്ടികയിൽപെടുത്തിയ ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’, കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ തുടങ്ങിയവർ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച എടുക്കാതെ മാറ്റിവെച്ചു. മാർച്ച് 19നേ ഈ കേസ് ഇനി പരിഗണിക്കാനാകൂ എന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. ഇത് മുൻകൂട്ടി കണ്ടാണ് വിഷയത്തിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് ബുധനാഴ്ച ആദ്യത്തെ കേസായി പരിഗണിക്കണമെന്ന് ചൊവ്വാഴ്ചമുതൽ അഡ്വ. പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
ബുധനാഴ്ച രാവിലെ കോടതി ചേർന്നപ്പോഴും ഭൂഷൺ അതേ ആവശ്യമുന്നയിച്ചു. എന്നാൽ, തനിക്ക് ഭരണഘടനാ ബെഞ്ചിൽ കേസുള്ളതിനാൽ ഇന്ന് പരിഗണിക്കാതെ മാറ്റിവെക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എസ്.ജി ഇല്ലെന്ന് കരുതി എല്ലാ കേസുകളും മാറ്റിവെക്കാനാവില്ലെന്നും കേന്ദ്ര സർക്കാറിന് 17 ഓഫിസർമാർ വേറെയുമുണ്ടെന്നും ഭൂഷൺ പ്രതിക ന്ന് മേത്ത രോഷം പ്രകടിപ്പിച്ചു. എന്നാൽ, മേത്ത ഒഴിവാകുക എപ്പോഴാണെന്ന് അറിയിച്ചാൽ മതിയെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.
രണ്ട് മണിക്ക് കോടതി ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും ചേർന്നപ്പോൾ അഡ്വ. വരുൺ ഠാക്കൂർ അടിയന്തരമായി കേസ് എടുക്കാൻ വീണ്ടും അപേക്ഷിച്ചു. പ്രസ്തുത വിഷയം ജനാധിപത്യത്തിന്റെ അതിജീവനത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ബോധിപ്പിച്ചു.
അപ്പോഴാണ് എല്ലാ കേസുകളും തങ്ങൾക്ക് പ്രധാനമാണെന്നും ഒരു കേസ് മാത്രം വലുതല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചത്. സർക്കാർ മാത്രമായി കമീഷനെ തെരഞ്ഞെടുക്കുന്നത് 140 കോടി ജനങ്ങളെ ബാധിക്കുന്നതാണെന്ന് ഠാക്കൂർ വാദിച്ചപ്പോൾ അസമയത്ത് കേസുകാര്യം പറയേണ്ടെന്ന് ബെഞ്ച് പ്രതികരിച്ചു. ഏറ്റവും ഒടുവിൽ ബുധനാഴ്ചത്തെ നടപടികൾ അവസാനിപ്പിച്ച് പിരിയാൻ നേരം അടുത്ത ഏതെങ്കിലും ഒരു ദിവസം വിഷയം എടുക്കണമെന്ന് അപേക്ഷിച്ചു. അടുത്തമാസം 19ന് നോക്കാമെന്നായി കോടതി. ഒരു മണിക്കൂർ മാത്രം മതി ഇതിനെന്ന് പറഞ്ഞ് ഭൂഷൺ നിർബന്ധിച്ചപ്പോൾ മറ്റൊരു ദിവസം നോക്കട്ടേ എന്ന് ബെഞ്ച് മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.