ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കരുതെന്ന ‘ഗോദ്റെജി’ന്റെ ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി തങ്ങളുടെ വിഖ്റോളിയിലെ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്ന ഗോദ്റെജ് ഗ്രൂപ് കമ്പനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ഭൂമി ഇതിനകം ഏറ്റെടുത്ത് നിർമാണ പ്രവൃത്തി തുടങ്ങിയ സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം കമ്പനിക്ക് തേടാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. സാമൂഹികാഘാത പഠനം നടത്താതെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കരുതെന്നായിരുന്നു ഗോദ്റെജ് ഗ്രൂപ് കമ്പനികളിലൊന്നായ ‘ഗോദ്റെജ് ആൻഡ് ബോയ്സി’ന്റെ ഹരജിയിലെ പ്രധാന ആവശ്യം.
ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് കമ്പനി സുപ്രീംകോടതിയിലെത്തിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 10 (എ) വകുപ്പ് പ്രകാരം നടത്തേണ്ട സാമൂഹിക പ്രത്യാഘാത പഠനത്തിൽനിന്ന് മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഒഴിവാക്കി 2019 ആഗസ്റ്റ് 20ന് പുറപ്പെടുവിച്ച വിജ്ഞാപനം ഹരജിയിൽ ഗോദ്റെജ് ഗ്രൂപ് കമ്പനി ചോദ്യം ചെയ്തിരുന്നു. നഷ്ടപരിഹാരം നൽകുന്നത് നീട്ടിവെക്കാൻ സർക്കാറിന് അധികാരം നൽകുന്ന 2013ലെ നിയമത്തിലെ 25ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നും ഗോദ്റെജ് ഹരജിയിൽ ആവശ്യപ്പെട്ടു. ഇതിന് പുറമെ 9.69 ഏക്കർ ഭൂമിക്ക് ആദ്യം വാഗ്ദാനം ചെയ്തിരുന്നത് 572 കോടി രൂപക്ക് പകരം 264 കോടി രൂപ നഷ്ടപരിഹാരമായി ഡെപ്യൂട്ടി കലക്ടർ നിർണയിച്ചതും കമ്പനി ചോദ്യം ചെയ്തിരുന്നു.
കമ്പനിക്ക് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗിയോട് വെള്ളം ധാരാളം ഒഴുകിപ്പോയെന്നും സ്ഥലമേറ്റെടുത്ത് നിർമാണം തുടങ്ങിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നഷ്ടപരിഹാരമായി 572 കോടി രൂപയോ അതിലുമെത്രയോ കൂടുതൽ കോടികളോ ചോദിക്കാം. ‘ഗോദ്റെജി’ന്റെ നഷ്ടപരിഹാര ഹരജിയുമായി കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ആറുമാസത്തിനകം വിഷയം കോടതി തീർപ്പാക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.