പറഞ്ഞ സ്ഥലത്താണോ രാമക്ഷേത്രം നിർമിച്ചത്? വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി; രാമക്ഷേത്ര കൊള്ള കേസ് കീഴ് കോടതിക്ക് വിട്ടു
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിബെഞ്ച് കേസ് കീഴ് കോടതിയിലേക്ക് വിട്ടു.
ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പറഞ്ഞ സ്ഥലത്ത് തന്നെയാണോ രാമക്ഷേത്രം നിർമിച്ചിരിക്കുന്നത് എന്ന് നിർണയിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹരജി സുപ്രീം കോടതി തള്ളി.
രാമക്ഷേത്ര കൊള്ളയിൽ വിചാരണ തുടരണമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതിരുന്ന സുപ്രീംകോടതി കേസിൽ തീരുമാനമെടുക്കാനുള്ള അധികാരം വിചാരണക്കോടതിക്കാണെന്ന് വ്യക്തമാക്കി.
കേസിലെ പ്രതികൾക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനസാധുത, തെളിവുകളുടെ വിശ്വാസ്യത, തുടർനടപടികളുടെ ആവശ്യം തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട വിചാരണക്കോടതി തന്നെ പരിശോധിച്ച് തീരുമാനിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിന്റെ സാരാംശത്തെക്കുറിച്ച് പരാമർശിക്കുന്നത് വിചാരണയെ ബാധിക്കാനിടയുണ്ടെന്നതിനാലാണ് പരമോന്നതകോടതി വിശദമായ അഭിപ്രായപ്രകടനത്തിൽനിന്ന് വിട്ടുനിന്നത്.
സംഭാവനയായി ലഭിച്ച തുകകൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്.
എന്നാൽ, വിചാരണ മുൻകൂട്ടി തടയേണ്ട സാഹചര്യമില്ലെന്നും കേസിലെ വസ്തുതകളും നിയമവശങ്ങളും കീഴ് കോടതി പരിശോധിച്ചാൽ മതിയെന്നുമാണ് സുപ്രീംകോടതി നിലപാട്.
2019 നവംബറിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിന്യായം നടത്തിയ അതേ ഭൂമിയിലാണോ അയോധ്യയിലെ രാമക്ഷേത്രം നിർമിച്ചിരിക്കുന്നതെന്ന് പരിശോധിക്കാൻ സ്വതന്ത്ര സാങ്കേതിക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
നിർമാണം വിധിയിൽ പരാമർശിച്ച ഭൂമിയിൽ നിന്ന് കാര്യമായ വ്യതിയാനം കാണിക്കുന്നതായി കണ്ടെത്തിയാൽ, അത് വിധിക്ക് അനുസൃതമാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ശ്രീരാം ജന്മഭൂമി കേസ് ട്രസ്റ്റ് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

