ഹൈകോടതിയുടെ ‘അനാവശ്യ വിമർശനം’ ഒഴിവാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അപകീർത്തിക്കേസ് ഉത്തരവിൽ പഞ്ചാബ്-ഹരിയാന ഹൈകോടതി സിംഗിൾ ബെഞ്ച്, സുപ്രീം കോടതിക്കെതിരെ നടത്തിയ പരാമർശം പരമോന്നത കോടതി ഒഴിവാക്കി. സിംഗിൾ ബെഞ്ച് പരാമർശം അനാവശ്യവും ആക്ഷേപകരവുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിലയിരുത്തി. എന്നാൽ, വിമർശനം നടത്തിയ ജഡ്ജി രജ്ബിർ ഷെറാവത്തിനെതിരെ നടപടിയുണ്ടാകില്ല.
കോടതി കാര്യങ്ങളിൽ പാലിക്കേണ്ട അച്ചടക്കം പരമപ്രധാനമാണെന്നും ഭാവിയിലെ വിധിപ്രസ്താവനകളിലും മറ്റും ഇക്കാര്യം ഓർമവേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ പരാമർശം പരമോന്നത കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ഹൈകോടതി നടപടിയെടുത്ത അപകീർത്തിക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്യുന്നതാണ് ജസ്റ്റിസ് ഷെറാവത്തിനെ ചൊടിപ്പിച്ചത്.
ഉന്നത കോടതി കൂടുതൽ ‘ഉന്നതം’ ആണെന്നും ഹൈകോടതി അത്ര ‘ഹൈ’ അല്ലെന്നുമുള്ള ധാരണയിലാണ് ഇത്തരം നടപടികളെന്ന് ഷെറാവത്ത് ജൂലൈ 17ലെ വിധിയിൽ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണം, യഥാർഥത്തിൽ സുപ്രീംകോടതിയോ ഹൈകോടതിയോ അല്ല, മറിച്ച് ഭരണഘടനയാണ് ഏറ്റവും ഉന്നതിയിലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.