Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ 34 അസ്വാഭാവിക മരണങ്ങൾ: ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സുപ്രീം കോടതി

text_fields
bookmark_border
മണിപ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിൽ 34 അസ്വാഭാവിക മരണങ്ങൾ: ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സുപ്രീം കോടതി
cancel

ന്യൂഡൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആഭ്യന്തരമായി മാറ്റിപാർപ്പിക്കപ്പെട്ട (ഐ.ഡി.പി) 34 പേരുടെ അസ്വാഭാവിക മരണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തു. ക്യാമ്പുകളിലെ മരണങ്ങളെക്കുറിച്ചും അസ്വാഭാവിക മരണങ്ങളെക്കുറിച്ചും സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ക്യാമ്പുകളിലെ 640 മരണങ്ങളിൽ 34 എണ്ണവും അസ്വാഭാവിക മരണങ്ങളാണെന്നും, ഇതിൽ 20 എണ്ണത്തിന് മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും നോട്ടൽ ഓഫീസർ പാനലിനെ അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വെറും 20,000 മുതൽ 30,000 രൂപ വരെ മാത്രം നഷ്ടപരിഹാരം നൽകിയതിനെയും കോടതി വിമർശിച്ചു. സമാനമായ മറ്റ് കേസുകളിൽ 5 ലക്ഷം രൂപയിലധികം നൽകിയിരിക്കെ, ഇത്രയും ചെറിയ തുക നൽകിയതിന്റെ കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ അസ്വാഭാവിക മരണങ്ങളിലും കൃത്യമായി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്നുണ്ടെന്നും ഉറപ്പുവരുത്താൻ മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതിയും കോടതി വിലയിരുത്തി. 3,020 കേസുകളിൽ 42 പ്രത്യേക അന്വേഷണ സംഘങ്ങൾ അന്വേഷണം നടത്തിവരികയാണെന്നും, 1,135 കേസുകളിൽ അന്വേഷണം തുടരുകയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകൾക്കായി കൂടുതൽ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 2023 മേയ് മുതൽ മണിപ്പൂരിൽ തുടരുന്ന വിവിധ ആക്രമണങ്ങളിൽ ഇതുവരെ 306-ലധികം ആളുകൾ കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC expresses shock over deaths in relief camps in Manipur, asks chief secretary to respond
Next Story