വഖഫ്: ഇടക്കാല സ്റ്റേക്ക് ശക്തമായ കാരണം വേണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വഖഫ് ദേഭഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കാതിരിക്കാൻ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ഹരജിക്കാരുടെ അഭിഭാഷകരായ കപിൽ സിബൽ, രാജീവ് ധവാൻ, ഹുസൈഫ അഹ്മദി, അഭിഷേക് മനു സിങ് എന്നിവർ ചൊവ്വാഴ്ച വാദിച്ചു.
പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരമാണെന്നും ശക്തമായ കാരണം ഉന്നയിക്കപ്പെടുന്നതു വരെ കോടതികൾക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി പറഞ്ഞു.
ഉപയോഗത്തിലൂടെയുള്ള വഖഫ്, വഖഫ് ബോർഡുകളിലേക്കും വഖഫ് കൗൺസിലുകളിലേക്കും അമുസ്ലിംകളെ ഉൾപ്പെടുത്തൽ, സർക്കാർ ഭൂമി വഖഫ് സ്വത്തായി തിരിച്ചറിയുന്നത് എന്നിവയാണ് നേരത്തേ കോടതി പരിഗണിച്ച ഹരജികളെന്നും ഈ വിഷയങ്ങളിൽ മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കോടതി ഈ മൂന്നു വിഷയങ്ങളിൽ മാത്രം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, മൂന്നു വിഷയങ്ങളിൽ മാത്രം വാദം പരിമിതപ്പെടുത്താനാകില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി.
മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ മൊത്തം ഏറ്റെടുക്കുന്നതിന് വഖഫ് ദേഭഗതി നിയമം സൗകര്യമൊരുക്കുന്നുവെന്ന് സിബൽ ചൂണ്ടിക്കാട്ടി. മത കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണത്. മതേതരത്വത്തിന്റെ അർഥം മതസമൂഹങ്ങളെ അവരുടെ സ്വന്തം കാര്യങ്ങൾ നടത്താൻ അനുവദിക്കുക എന്നതാണ്. മറ്റു മതവിഭാഗങ്ങളിലെ അംഗങ്ങളെ എന്തിനാണ് വഖഫ് ഭരണസമിതികളുടെ ഭാഗമാകാൻ അനുവദിക്കുന്നത് -സിബൽ ചോദിച്ചു.
ഭേദഗതിയിൽ അഞ്ചു വർഷമായി ഇസ്ലാംമതം പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാനാകൂ. മരണക്കിടക്കയിൽ കിടക്കുമ്പോൾ വഖഫ് നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ താൻ മുസ്ലിമാണെന്ന് ആദ്യം തെളിയിക്കണം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ നേരിട്ടുള്ള ലംഘനമാണ് ഒരു മുസ്ലിം ആണെന്ന് തെളിയിക്കേണ്ടതിന്റെ ആവശ്യകതയെന്നും സിബൽ വാദിച്ചു.
ഒരാൾ ഇസ്ലാം മതം പിന്തുടരുന്ന ആളാണോ എന്ന് സർക്കാർ എങ്ങനെ നിർണയിക്കുമെന്ന് ഹുസൈഫ് അഹ്മദി ചോദിച്ചു. നമ്മുടേത് മതേതര രാജ്യമാണെന്നും തന്റെ കക്ഷികളിൽ ഒരാൾ സിഖ് വിഭാഗത്തിൽപ്പെട്ടയാളാണെന്നും അദ്ദേഹത്തിന് സ്വത്ത് വഖഫ് ചെയ്യണമെന്നുണ്ടെന്നും രാജീവ് ധവാൻ പറഞ്ഞു. ഇത് മതേതരത്വത്തെ ബാധിക്കുന്ന വിഷയമാണെന്നും വാദിച്ചു. ഹരജിയിൽ ബുധനാഴ്ചയും വാദം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.