രാമക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോർട്ടറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ യോഗി സർക്കാർ പകപോക്കൽ നടപടിയായി എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
റോഡിലെ തർക്കത്തിൽ ഗാസിയാബാദിൽ എടുത്ത കേസ് പകപോക്കലാണെന്ന് കാണിച്ച് അഭിഷേക് ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് അറസ്റ്റിനെതിരെ ഇടക്കാല സംരക്ഷണം നൽകിയത്.
കേസ് റദ്ദാക്കണമെന്ന ഉപാധ്യായയുടെ ഹരജിയിൽ ബെഞ്ച് സെപ്റ്റംബർ ഏഴിനകം ഉത്തർപ്രദേശ് സർക്കാറിന്റെ പ്രതികരണം തേടി നോട്ടീസ് അയച്ച കോടതി, ഹരജിക്കാരനെതിരെ ഒരു പ്രതികാര നടപടിയും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു.
എഫ്.ഐ.ആറിന്റെ കോപ്പി പരാതിക്കാരന് കൈമാറണമെന്നും, അത് പാലിച്ചെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഗാസിയാബാദ് പൊലീസ് സൂപ്രണ്ടിനും ഉത്തരവ് നൽകി. സെപ്റ്റംബർ ഏഴിനാണ് കേസ് ഇനി പരിഗണിക്കുക.
റോഡിലുണ്ടായ തർക്കത്തെ തുടർന്നാണ് കേസ് എടുത്തതെങ്കിലും പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ കർശന വകുപ്പുകളാണ് ചുമത്തിയത്. റോഡിൽ തന്റെ സ്കൂട്ടറിന്റെ പിന്നിലിടിച്ച ശേഷം കാറിൽ നിന്നിറങ്ങിയ ഉപാധ്യായ തനിക്കെതിരെ അധിക്ഷേപം നടത്തിയെന്നാണ് ഒരാൾ അദ്ദേഹത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടത്.
എന്നാൽ, മകളെ സ്കൂളിൽനിന്ന് തിരികെ കൊണ്ടുപോകുന്ന വഴി സ്കൂട്ടറുകാരൻ മനഃപൂർവം കാറിന് മുന്നിലേക്ക് വന്ന് ബഹളം വെച്ചതാണെന്നും, മകൾ ഒപ്പമുള്ളതിനാൽ താൻ വഴക്കിന് നിന്നില്ലെന്നുമാണ് ഉപാധ്യായ വിശദീകരിച്ചത്.
രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളക്ക് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അടുപ്പം പുലർത്തുന്ന ഐ.എ.എസ് ഓഫിസറുടെ അഴിമതിയെക്കുറിച്ചും ഉപാധ്യായ അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023ൽ ഈ ഉദ്യോഗസ്ഥൻ 20 കോടി രൂപ വിലവരുന്ന കൃഷിഭൂമി വാങ്ങിയതിലെ അഴിമതിയാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

