ആർ.എസ്.എസിനും മോദിക്കും എതിരെ കാർട്ടൂൺ: രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കാർട്ടൂൺ വരച്ച ഇന്ദോറിലെ കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. മാന്യമല്ലാത്ത തരത്തിൽ കാർട്ടൂൺ വരച്ച നടപടി അപക്വവും പ്രകോപനപരവുമാണെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പോസ്റ്റ് ഒരു കുറ്റകൃത്യമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം അത് നീക്കിയെന്നും അഭിഭാഷക വൃന്ദാ ഗ്രോവർ ബോധിപ്പിച്ചു. ആർ.എസ്.എസ് യൂനിഫോം ധരിച്ച ഒരാൾ തന്റെ വസ്ത്രം താഴ്ത്തി മോദിയുടെ കുത്തിവെപ്പ് എടുക്കാനായി കുനിഞ്ഞുകൊടുക്കുന്ന കാർട്ടൂണിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. കൊറോണ കാലത്ത് പോസ്റ്റ് ചെയ്ത കാർട്ടൂൺ ഈയിടെ വീണ്ടും പങ്കുവെച്ചിരുന്നു.
വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കിയതിനും മത വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും അടക്കമുള്ള ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തി കേസ് എടുത്തപ്പോൾ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കുറ്റപ്പെടുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.