Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈകോടതിയെ സമീപിക്കൂ... ഇഡി അറസ്റ്റിനെതിരെ ജാമ്യം തേടിയ അസം ഖാനോട് സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/azam-khan
cancel

ന്യൂഡൽഹി: ഇ.ഡി അറസ്റ്റിനെതിരെ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുഹമ്മദ് അസം ഖാന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ നിർദേശം നല്‍കി.

കേസിന്റെ ഗുണദോഷങ്ങളെക്കുറിച്ച് യാതൊരു അഭിപ്രായവും പ്രകടിപ്പിക്കാതെയാണ്, അസം ഖാന്‍ ഹൈകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചത്. ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും കൂടുതല്‍ തെളിവുകള്‍ റെക്കോഡില്‍ ഹാജരാക്കാനും കോടതി അസം ഖാന് അനുമതി നൽകി.

അസം ഖാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയിൽ ഹാജരായത്. ഇ.ഡിയുടെ അറസ്റ്റിനെ പച്ചയായ വേട്ടയാടല്‍ എന്നാണ് സിബൽ വിശേഷിപ്പിച്ചത്.

ഇരട്ട പാൻ കാർഡ് കേസിൽ ജയിൽമോചിതനായി ഒക്ടോബർ 29-ന് പുറത്തിറങ്ങി വെറും 40 മിനിറ്റിനുള്ളിലാണ് ഇ.ഡി അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വാദിച്ചു. മറ്റു കേസുകളിലെല്ലാം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടനെയാണ് ജയിൽ പരിസരത്തുനിന്ന് അദ്ദേഹത്തെ കൊണ്ടുപോയത്.

‘ഞാന്‍ എന്തുമായി പോരാടാം, പക്ഷേ എനിക്ക് ജാമ്യം വേണം. എനിക്ക് 80 വയസ്സായി. ഇ.ഡി കേസിലും മറ്റ് 28 കേസുകളിലുമാണ് അവര്‍ എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്, അതിനാല്‍ ഞാന്‍ ജയിലില്‍ കിടന്നു മരിക്കും’ -അസം ഖാ​നുവേണ്ടി സിബൽ കോടതിയിൽ പറഞ്ഞു.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസം ഖാന്‍ ജയിലില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ അറസ്റ്റെന്നും സിബൽ ആരോപിച്ചു.

പണമിടപാട് നിരോധന നിയമത്തിന്റെ (പി.എം.എൽ.എ) അടിസ്ഥാനത്തെ ചോദ്യംചെയ്ത കപില്‍ സിബല്‍, പ്രാഥമിക കുറ്റകൃത്യം 2006 ലെ സംഭവമാണെങ്കിലും 2019 ല്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടി.

“ഇവിടെ എങ്ങനെയാണ് പി.എം.എൽ.എ ബാധകമാവുക?” എന്ന് അദ്ദേഹം ചോദിച്ചു. ആടുകളും പശുക്കളുമാണ് കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തായി ഇ.ഡി ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പരിശോധിച്ചാല്‍, 2016 ല്‍ പ്രതികള്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി പണവും സ്വര്‍ണവും കവരുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുകയും ചെയ്തുവെന്നാണ് ആരോപിക്കുന്നത്.

എന്നാല്‍, മറ്റൊരു പരാതിയില്‍ അതേ ദിവസം തന്നെ ഭീഷണിപ്പെടുത്തല്‍, സ്വത്ത് നശിപ്പിക്കല്‍, പണം കൊള്ളയടിക്കല്‍, നാല് ആടുകളെ കൊണ്ടുപോകല്‍ എന്നിവയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ആടുകളും പശുക്കളുമൊക്കെ കുറ്റകൃത്യത്തിലൂടെയുള്ള ആദായമായി മാറുന്നു... എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?” എന്ന് സിബൽ ചോദിച്ചു.

എന്നാൽ, ഈ വാദങ്ങളില്‍ ചില ന്യായങ്ങളുണ്ടായേക്കാം എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിക്കുകയല്ലാതെ, കോടതി മറ്റു ഇടപെടലുകൾ നടത്തിയില്ല.

ഇ.ഡി അറസ്റ്റും നവംബര്‍ ഒന്നിന് പ്രത്യേക കോടതി പുറപ്പെടുവിച്ച ജുഡീഷ്യല്‍ കസ്റ്റഡി റിമാന്‍ഡ് ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അസം ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കൂടാതെ കസ്റ്റഡിയില്‍ നിന്ന് ഇടക്കാല മോചനവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇരട്ട പാൻ കാർഡ് വ്യാജരേഖ ചമച്ച കേസിൽ അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും നൽകിയ ഏഴ് വർഷത്തെ തടവ് ശിക്ഷ ഒക്ടോബർ 29 ന് അലഹബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story