പരേഡിന്‍റെ ഭാഗമായി ഗുരുദ്വാരയിൽ പ്രവേശിച്ചില്ല; സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സുപ്രീംകോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: റജിമെന്‍റ് പരേഡിന്‍റെ ഭാഗമായി ഗുരുദ്വാരയിൽ പ്രവേശിക്കാൻ വിസമ്മതിച്ച സാമുവൽ കമലേശൻ എന്ന ക്രിസ്ത്യൻ സൈനിക ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ വിമർശനം. ഇത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും സൈന്യത്തിൽ തുടരാൻ ഇദ്ദേഹത്തിന് യോഗ്യതയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. സൈന്യത്തിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.
സാമുവൽ കമലേശനെ സൈന്യത്തിൽനിന്ന് പുറത്താക്കിയ നടപടി നേരത്തേ ഡൽഹി ഹൈകോടതി ശരിവെച്ചിരുന്നു. സൈനികനെന്ന നിലയിൽ ഇദ്ദേഹം മിടുക്കനായിരിക്കാമെന്നും പക്ഷേ സേനക്ക് അയോഗ്യനാണെന്നും ബെഞ്ച് തുടർന്നു. 2017ൽ സേനയിലെത്തിയ ലഫ്റ്റനന്‍റ് കമലേശന് സിഖ് സ്ക്വാഡ്രനിലായിരുന്നു സേവനം. ക്രിസ്ത്യൻ വിശ്വാസത്തിന് ഭംഗം വരില്ലെന്ന് കമാൻഡിങ് ഓഫിസർമാർ ഉറപ്പുനൽകിയിരുന്നു.
മാത്രമല്ല, അവർ ക്രിസ്ത്യൻ പാസ്റ്ററുമായി ആലോചിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതുകൊണ്ട് വിശ്വാസത്തിന് കോട്ടം തട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഇദ്ദേഹം ഇതിന് വിസമ്മതിക്കുകയായിരുന്നു. ഈ സമീപനം സൈനിക യൂനിറ്റിന്‍റെ ഐക്യത്തിനും സൈനികരുടെ മനോവീര്യത്തിനും ക്ഷതമേൽപിച്ചു എന്ന കാരണത്താൽ 2021ലാണ് കരസേനയിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കിയ നടപടി ശരിവെച്ച ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്താണ് കമലേശൻ സുപ്രീംകോടതിയിൽ എത്തിയത്.
ഡ്യൂട്ടിയുടെ ഭാഗമായി ഗുരുദ്വാരയിലെ സർവ ധർമസ്ഥലിൽ പ്രവേശിക്കുന്നതിൽ കുഴപ്പമില്ലെന്ന് പാസ്റ്റർ അറിയിച്ചിട്ടും കമലേശന് അത് ബോധ്യപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസത്തെ അദ്ദേഹം സ്വയം വ്യാഖ്യാനിച്ചതായാണ് തോന്നുന്നതെന്ന് ജസ്റ്റിസ് ബാഗ്‌ചി അഭിപ്രായപ്പെട്ടു. ഹൈകോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച പരമോന്നത കോടതി ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

