ഗർഭം അലസിപ്പിക്കാൻ ഭർത്താവിൻെറ അനുമതി വേണ്ട -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്തുന്ന ഭാര്യയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പ്രായപൂർത്തിയായ സ്ത്രീക്ക് ഗർഭം അലസിപ്പിക്കാനോ ഗർഭം ഉപേക്ഷിക്കാനോ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി വിധി അംഗീകരിച്ചു.
ഭാര്യയും ഭർത്താവും പിണങ്ങിക്കഴിയുന്ന സാഹചര്യത്തിൽ ഭ്രൂണത്തെ നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണ് . നിയമപരമായി നോക്കിക്കാണുമ്പോൾ ഗർഭം ഒഴിവാക്കാൻ ഭർത്താവിന്റെ ആവശ്യമോ സമ്മതമോ ഇല്ലെന്ന നിലപാടാണ് കോടതിക്കുള്ളത്. മുതിർന്നയാളും മാതാവും കൂടിയായ സ്ത്രീ ഗർഭം ആഗ്രഹിക്കുന്നില്ല. അവളോ മറ്റുള്ളവരോ നഷ്ടപരിഹാരത്തിന് എങ്ങനെ ഉത്തരവാദിത്തം വഹിക്കും. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീക്കുപോലും ഗർഭധാരണം അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്. മാതാപിതാക്കൾക്കും ഡോക്ടർമാർക്കും എങ്ങനെ ഇത് നടപ്പാക്കാനാകും?^ കോടതി ചോദിച്ചു.
പരാതിക്കാരായ ദമ്പതികൾ 1994 ലാണ് വിവാഹിതരായത്. 1995ൽ ഇവർക്ക് ഒരു മകൻ ജനിച്ചു. ഇരുവരും തമ്മിൽ യോജിപ്പില്ലായ്‌മയുണ്ടായതോടെ ഭാര്യയും മകനും 1999 മുതൽ ചണ്ഡീഗഡിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഡിലെ ലോക് അദാലത്ത് ദമ്പതിമാരെ പാനിപത്തിലുള്ള ഭർത്താവിന്റെ വീട്ടിൽ ഒരുമിച്ചു കഴിയാൻ പ്രേരിപ്പിക്കുകയും 2002 നവംബർ മുതൽ ഇവർ ഒരുമിച്ചു ജീവിച്ചുതുടങ്ങുകയും ചെയ്തു.
2003 ജനുവരിയിൽ സ്ത്രീ വീണ്ടും ഗർഭിണിയായി. ഇതിനിടെ ഇരുവരും തമ്മിലെ പ്രശ്നങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ സ്ത്രീ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ഇതിനെ എതിർത്തു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ അവരെ ചണ്ഡിഗഢിലേക്ക് കൊണ്ടുപോയി.
ഗർഭച്ഛിദ്രത്തിനുള്ള ആശുപത്രി രേഖകളിൽ ഒപ്പുവെക്കാൻ ഭർത്താവ് വിസമ്മതിച്ചുവെങ്കിലും സ്ത്രീ ചണ്ഡീഗഢ് ആശുപത്രിയിൽ വെച്ച് ഗർഭം അലസിപ്പിച്ചു. തുടർന്നാണിയാൾ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും ഡോക്ടർമാർക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.