മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ക്രൂരത കാണിക്കുന്നതോ ഭേദമാക്കാനാവാത്ത രോഗമുള്ളതോ ആയ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടന അനുവദിക്കുന്ന ജീവിക്കാനുള്ള അവകാശം നായ്ക്കളെ ഭയക്കാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശംകൂടി അടങ്ങുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന ബെഞ്ച് നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചു. തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനുമുള്ള മുൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കോടതി തള്ളി.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ, നായ്ക്കളുടെ കടിയേൽക്കുമെന്ന ഭീഷണിയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. പൊതുസ്ഥലങ്ങളിൽനിന്ന് പിടിക്കുന്ന നായ്ക്കളെ വാക്സിനേഷനോ വന്ധ്യംകരണമോ നടത്തിയ ശേഷം അതേ സ്ഥലത്തേക്ക് തിരിച്ചയക്കരുതെന്ന മുൻ നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. മൃഗ ജനന നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഓരോ ജില്ലയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ശസ്ത്രക്രിയാ സൗകര്യങ്ങളും ലോജിസ്റ്റിക്സും ഉള്ള ഒരു സമ്പൂർണ എ.ബി.സി സെന്ററെങ്കിലും സ്ഥാപിക്കണം. എ.ബി.സി ചട്ടങ്ങളുണ്ടാക്കി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങൾ സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ഭാഗത്തുനിന്നുണ്ടായില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിലെ ജീവിക്കാനുള്ള അവകാശം പൊതുസ്ഥലങ്ങളിൽ ശാരീരികമായ പരിക്കോ, ആക്രമണമോ, ജീവന് ഭീഷണിയായേക്കാവുന്ന നായ്ക്കളുടെ കടിയടക്കമുള്ള ഭീഷണിയോ ഇല്ലാതെ ഓരോ പൗരനും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യംകൂടിയാണ്.
മനുഷ്യ ജീവന് നേരെയുള്ള പ്രതിരോധിക്കാവുന്ന ഭീഷണികൾക്ക് മുന്നിൽ കേവലം കാഴ്ചക്കാരായി നിൽക്കാൻ ഭരണകൂടത്തിനാവില്ല. ഭരണഘടനയുടെ 21ാം അനുച്ഛേദമനുസരിച്ച് ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശം സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണകൂട പ്രദേശങ്ങൾക്കുമുണ്ട്.
വന്ധ്യംകരണവും വാക്സിനേഷനും കേന്ദ്രങ്ങളൊരുക്കലും അടക്കമുള്ള എ.ബി.സി ചട്ടക്കൂട് തെരുവുനായ്ക്കളുടെ ഭീഷണി തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്കിരയാകുകയും പൊതുസ്ഥലങ്ങളിൽ സാധാരണക്കാരുടെ ജീവൻ അപകടത്തിലാകുകയും ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേശീയ തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടികൾക്കിടയിൽ പേവിഷബാധ ഉണ്ടാകുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 28നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

