ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ച മുന്നോട്ട്; ഇളവിനായി വാദിച്ച് ഇരുപക്ഷവും
text_fieldsന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലെ വ്യാപാര കരാർ സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ ആറാം ദിവസത്തിലേക്ക്. ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും കൂടുതൽപേർ തൊഴിലെടുക്കുന്ന മേഖലകളിലെ ഉൽപന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ തീരുവ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് ദിവസത്തെ ചർച്ചകൾക്കായാണ് വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിങ്ടണിലെത്തിയത്. ജൂൺ 26ന് തുടങ്ങിയ ചർച്ച പിന്നീട് നീട്ടുകയായിരുന്നു. ട്രംപിന്റെ പകരത്തീരുവ താൽക്കാലികമായി നിർത്തിവെച്ചതിെന്റ കാലാവധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിനാൽ അതിനുമുമ്പ് കരാറിന് അന്തിമ രൂപമുണ്ടാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.
അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് തീരുവ ഇളവുകൾ നൽകുന്നതിനെതിരെ ഇന്ത്യ കടുത്ത നിലപാടിലാണ്. അതോടൊപ്പം, തുണിത്തരങ്ങൾ, എൻജിനീയറിങ്, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ-സാന്ദ്രത കൂടിയ ഉൽപന്നങ്ങൾക്ക് തീരുവ ഇളവ് വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ചില വ്യവസായിക വസ്തുക്കൾ, വാഹനങ്ങൾ, (പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ), വൈനുകൾ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ, പാൽ, ആപ്പിൾ, ജനിതകമാറ്റം വരുത്തിയ വിളകൾ തുടങ്ങിയവക്ക് ഇന്ത്യയിൽ തീരുവ ഇളവ് വേണമെന്ന് അമേരിക്കയും ആവശ്യപ്പെടുന്നു.
ഏപ്രിൽ രണ്ടിനാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 26 ശതമാനം പകരച്ചുങ്കം ചുമത്തിയത്. പിന്നീട് ഇത് 90 ദിവസത്തേക്ക് നിർത്തിവെച്ചു. അതേസമയം, എല്ലാ രാജ്യങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ 10 ശതമാനം അടിസ്ഥാന തീരുവ നിലവിൽ ഇന്ത്യക്കും ബാധകമാണ്. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടാൽ, 26 ശതമാനം പകരത്തീരുവ വീണ്ടും പ്രാബല്യത്തിൽ വരുമെന്ന ഭീഷണിയാണ് മുന്നിലുള്ളത്.
കാർഷിക, ക്ഷീര മേഖലകളിൽ ഇന്ത്യ തീരുവ ഇളവുകൾ നൽകണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകുന്ന ഈ നിർദേശം അംഗീകരിക്കാൻ സർക്കാറിന് അത്ര എളുപ്പമല്ല. രാഷ്ട്രീയപരമായും ഈ മേഖലകൾ ഏറെ പ്രധാനപ്പെട്ടതായതിനാൽ സർക്കാറിന് കരുതലോടെ നീങ്ങേണ്ടിവരും. രാജ്യം ഇതുവരെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകളിൽ ക്ഷീരമേഖല തുറന്നുകൊടുത്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.