തമിഴ്നാട്ടിലെ അമ്മ കാന്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന അമ്മ കാന്റീനുകൾ (ഉണവഗങ്ങൾ) നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. എ.ഐ.എ.ഡി.എം.കെ സർക്കാർ കാലഘട്ടത്തിൽ സംസ്ഥാനത്തുടനീളം ആരംഭിച്ച സബ്സിഡി കാന്റീനുകളാണ് ഇവ.
അമ്മ കാന്റീനുകളുടെ പുനരുദ്ധാരണത്തിനും ആധുനികവത്ക്കരണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കാന്റീനുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും സംബന്ധിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഈ നീക്കം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പാത്രങ്ങളും ഉപകരണങ്ങളും വാങ്ങാനും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നവീകരണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാനും എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രവർത്തന നിലവാരം ശക്തിപ്പെടുത്താനും മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനോട് നിർദ്ദേശിച്ചതായും ഇതിൽ പറയുന്നു.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികൾ ഉടനടി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അടുക്കളകളിലും ഭക്ഷണശാലകളിലും പതിവായി പരിശോധനകൾ നടത്താനും ശുചിത്വം പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.
ഗ്രേറ്റർ ചെന്നൈ കോർപറേഷന്റെ കീഴിൽ 383 അമ്മ കാന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് പ്രദേശിക സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 237 അമ്മ കാന്റീനുകളും നടത്തുന്നുണ്ട്. അമ്മ കാന്റീനുകൾ വഴി ദിവസ വേതനക്കാർക്കും, നഗര തൊഴിലാളികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും താങ്ങാനാവുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

