ചെന്നൈയിലെ പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറി മുഖ്യമന്ത്രി വിജയ്
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചെന്നൈയിലെ പുതിയ ഔദ്യോഗിക വസതിയായ 'പമണി ഇല്ല'ത്തിലേക്ക് താമസം മാറ്റി. ഗ്രീൻവേസ് റോഡിലെ ഈ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ വസതിയായും ക്യാമ്പ് ഓഫീസായും പ്രവർത്തിക്കും. പുതിയ വസതിയിൽ വ്യാഴാഴ്ച വിജയ് പൂജ നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ച ബംഗ്ലാവിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്.പുതിയ വസതിയിലേക്കുള്ള താമസം ഘട്ടംഘട്ടമായിട്ടായിരിക്കും പൂർത്തിയാക്കുകയെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ സെക്രട്ടേറിയറ്റിലെ ഫോർട്ട് സെന്റ് ജോർജിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സി.എൻ അണ്ണാദുരൈ, എം.ജി രാമചന്ദ്രൻ, എം. കരുണാനിധി, ജെ. ജയലളിത, എം.കെ. സ്റ്റാലിൻ തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരും ഈ ഓഫീസാണ് ഉപയോഗിച്ചിരുന്നത്. 1640ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഫോർട്ട് സെന്റ് ജോർജ് നിർമിച്ചത്.
സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാദൂരം കുറക്കുകയെന്നതാണ് വസതി മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നീലാങ്കരെയിലെ വസതിയിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് ഏകദേശം 25 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. ഗ്രീൻവേസ് റോഡിലെ പുതിയ വസതിയിൽനിന്ന് ഈ ദൂരം ഒമ്പത് കിലോമീറ്ററായി കുറയും.
മുഖ്യമന്ത്രിയുടെ യാത്രക്കിടയിലെ സുരക്ഷാ ക്രമീകരണങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വസതി മാറ്റം ഉൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് പരിശോധിച്ചിരുന്നു. പ്രമുഖർ താമസിക്കുന്ന പോസ് ഗാർഡൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളും പരിഗണനയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വസതിയായ വേദനിലയം സ്ഥിതി ചെയ്യുന്നതും പോസ് ഗാർഡനിലാണ്.
നവീകരണം പൂർത്തിയായതിനു പിന്നാലെ വ്യാഴാഴ്ച മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജയ് പുതിയ വസതി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. സ്വകാര്യ ജിംനേഷ്യം, ബാഡ്മിന്റൺ കോർട്ട്, പുൽത്തകിടി എന്നിവയാണ് ബംഗ്ലാവിലെ പ്രധാന സൗകര്യങ്ങൾ. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
അതേസമയം, ഫോർട്ട് സെന്റ് ജോർജ് സമുച്ചയത്തിലെ നാമക്കൽ കവിനർ മാളികയുടെ പത്താം നിലയിൽ മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക ഓഫീസിനായുള്ള നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തികൾ നടത്തുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ വിജയ് ഇവിടെനിന്നായിരിക്കും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുക.

