തമിഴ്നാട്ടിൽ എസ്.ഐയെ വെട്ടിക്കൊന്ന പ്രതി പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചു
text_fieldsചെന്നൈ: ഉദുമൽപേട്ടക്കുസമീപം ഗുഡിമംഗലം സ്പെഷൽ സബ് ഇൻസ്പെക്ടർ എം. ഷൺമുഖവേലിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചു. മണികണ്ഠൻ (30) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ സിക്കനത്തൂർ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മണികണ്ഠനെ പിടികൂടാൻ ശ്രമിക്കവെ പ്രതി പൊലീസിനെതിരെ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് പ്രതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ എസ്.ഐ ശരവണകുമാറിന് പരിക്കേറ്റു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉദുമൽപേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി പിതാവും രണ്ട് ആൺമക്കളും തമ്മിലുണ്ടായ അടിപിടിക്കേസ് അന്വേഷിക്കാൻ ചെന്ന തിരുപ്പൂർ ജില്ലയിൽ ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ധാരാപുരം ദളവായ്പട്ടിനം സ്വദേശി എം.ഷൺമുഖവേൽ (57) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുഡിമംഗലം മൂങ്കിൽ തൊഴുവ് എന്നയിടത്തിലെ അണ്ണാ ഡി.എം.കെ എം.എൽ.എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ജോലി ചെയ്യുന്ന മൂർത്തിയും മക്കളായ മണികണ്ഠനും തങ്കരാജും തമ്മിൽ മദ്യലഹരിയിൽ വാക്കുതർക്കമുണ്ടാവുകയും ഇത് കൈയാങ്കളിയിലെത്തുകയും ചെയ്തതോടെയാണ് സമീപവാസികൾ വിവരം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ എസ്.ഐ ഷൺമുഖവേൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. മക്കളായ മണികണ്ഠനെയും തങ്കരാജിനെയും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൺമുഖവേലിനെ മണികണ്ഠൻ അരിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പൊലീസ് ജീപ്പ് ഡ്രൈവറായ കോൺസ്റ്റബിൾ അളകുരാജയെയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചു. അളകുരാജ ഓടിരക്ഷപ്പെട്ട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട്, മൂർത്തിയും തങ്കപാണ്ഡ്യനും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മണികണ്ഠൻ ഒളിവിൽ പോവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.