തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സിറ്റി-ടൗൺ ഓർഡിനറി ബസുകളിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ അഞ്ചുവർഷം മുമ്പ് സ്റ്റാലിൻ സർക്കാർ ആരംഭിച്ച, ‘മകളിർ വിതിയൽ പയനം’ എന്ന, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയിൽ സഞ്ചരിക്കാവുന്നത് സിറ്റി-ടൗൺ ഓർഡിനറി ബസുകളിൽ. അതിലെ പിങ്ക് ബസുകളിൽ മാത്രമായിരിക്കും സൗജന്യം. പരമാവധി 30 കിലോമീറ്ററാണ് ഒരു യാത്ര ചെയ്യാനാവുക. ചെന്നൈ നഗരത്തിൽ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എം.ടി.സി) ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര ലഭ്യമാവുക.
കേരളത്തിൽ ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തമിഴകത്തെ സമാനപദ്ധതി വീണ്ടും ചർച്ചയായത്. മാനദണ്ഡങ്ങളും വിശദാംശങ്ങളും പിന്നീടറിയിക്കുമെന്നാണ് സതീശൻ സർക്കാർ അറിയിച്ചിരിക്കുന്നത്.
സൗജന്യ യാത്രക്കാർക്ക് സീറോ ഫെയർ ടിക്കറ്റുകളാണ് നൽകുക. എക്സ്പ്രസ്, ഡീലക്സ്, എ.സി, ലക്ഷ്വറി ബസുകളിൽ സൗജന്യ യാത്രയില്ല. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ദിവസം 57.07 ലക്ഷം സ്ത്രീകൾ സൗജന്യ ബസ് യാത്ര നടത്തുന്നു. ഒരാൾക്ക് മാസം ശരാശരി 888 രൂപ ലാഭിക്കാമെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ പറയുന്നത്.
തമിഴ്നാട് ഉൾപ്പെടെ രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാപദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഡൽഹി സർക്കാറാണ് ഈ ആശയം ആദ്യം നടപ്പാക്കിയത്. ഇവിടെ ‘പിങ്ക് സഹേലി സ്മാർട്ട്’ കാർഡുകൾ ഉപയോഗിച്ചാണ് യാത്ര. പഞ്ചാബ്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ജമ്മു-കശ്മീർ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. പശ്ചിമബംഗാളിൽ ജൂൺ ഒന്നുമുതലാണ് ഈ പദ്ധതി നടപ്പാക്കാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

