വർഗീയതയുമായി സഹകരിക്കാൻ കഴിയില്ല; എ.ഐ.എ.ഡി.എം.കെയെ പിന്തുണക്കണമെങ്കിൽ ബി.ജെ.പി ബന്ധം ഉപേക്ഷിക്കണമെന്ന് ഡി.എം.കെ, ചിത്രം തെളിയാതെ തമിഴകം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സഖ്യത്തിന് ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡി.എം.കെ. ഒരു വർഗീയ പാർട്ടിയുമായി സഹകരിക്കാൻ കഴിയില്ലെന്നും സർക്കാർ രൂപീകരിക്കാൻ പിന്തുണക്കണമെങ്കിൽ ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണമെന്നും ഡി.എം.കെ വ്യക്തമാക്കി. പതിറ്റാണ്ടുകളായി നീണ്ടുനിന്ന കടുത്ത ശത്രുത ഉപേക്ഷിച്ച് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഇരുകക്ഷികളും ശ്രമിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് പ്രതികരണം.
സർക്കാർ രൂപീകരിക്കാൻ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആർ.വി. അർലേക്കർ ടി.വി.കെ നേതാവ് നടൻ വിജയിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകൾ വേണം. തെരഞ്ഞെടുപ്പിൽ 108 സീറ്റ് നേടിയ ടി.വി.കെക്ക് കോൺഗ്രസിന്റെ പിന്തുണ അടക്കം സർക്കാർ രൂപീകരണത്തിന് 112 പേരുടെ പിന്തുണയാണ് നേടാൻ കഴിഞ്ഞത്. വിജയ് രണ്ടു സീറ്റിൽ മത്സരിച്ചിരുന്നു. അതിനാൽ ടി.വി.കെക്ക് വോട്ടെടുപ്പിൽ ഒരു വോട്ട് കുറയും. കേവല ഭൂരിപക്ഷത്തിന് ഇനിയും ആറ് പേരുടെ പിന്തുണ വേണം.
തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റും എ.ഐ.എ.ഡി.എം.കെ 47 സീറ്റും നേടിയിട്ടുണ്ട്. മറ്റ് ചെറുകക്ഷികളുടെ കൂടി പിന്തുണ ലഭിച്ചാൽ ഇരു കക്ഷികൾക്കും സർക്കാർ രൂപീകരിക്കാൻ കഴിയും. എന്നാൽ എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഡി.എം.കെയുടെ പൊതു വിലയിരുത്തൽ. എം.കെ സ്റ്റാലിൻ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. അതേസമയം ഉപമുഖ്യമന്ത്രി പദം നൽകി വിടുതലൈ ചിരുതൈഗൾ കച്ചി (വി.സി.കെ) യെ കൂടെ നിർത്താൻ വിജയ് ശ്രമിക്കുന്നുണ്ട്. വിജയിനോട് ചായ്വുള്ള വി.സി.കെയെ തങ്ങളുടെ കൂടെ നിർത്താനും ഡി.എം.കെ ശ്രമിക്കുന്നുണ്ട്. സി.പി.എമ്മിനെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും ഡി.എം.കെ വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ്, ഇടതുപക്ഷം, വി.സി.കെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാണ് വിജയ് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്.ബി.ജെ.പിയുടെ ബി ടീമായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ ഡി.എം.കെ പ്രതിച്ഛായയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

